അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ: വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക ജി.ഐ.ഒ കേരള

അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.  ആധുനിക സാങ്കേതിക വിദ്യപുരോഗമിച്ച ഈ കാലഘട്ടത്തില്‍ പരീക്ഷയില്‍ കൃത്രിമത്വം കാണിക്കുമെന്ന പേരില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ലജ്ജാകരമാണ്. മറ്റു വിഷയങ്ങളിലേതെന്ന പോലെ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരം നീക്കങ്ങളെ തടയുകയാണ് വേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന ഫാഷിസ്റ്റ് താല്‍പര്യങ്ങളുടെ പ്രയോഗവല്‍ക്കരണമാണ് ഇത്തരം നീക്കങ്ങളിലൂടെ കേന്ദ്രസര്‍ക്കാര്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നതെന്നും ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ശിരോവസ്ത്രം ധരിച്ചു കൊണ്ട് പരീക്ഷയെഴുതാനുള്ള മുസ്‌ലിം പെണ്‍കുട്ടിയുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണിതെന്നും സര്‍ക്കുലര്‍ പിന്‍വലിക്കാത്ത പക്ഷം കേരളത്തിലുടനീളമായി പ്രതിഷേധ കൂട്ടായ്മകള്‍ക്ക് ജി.ഐ.ഒ നേതൃത്വം നല്‍കുമെന്നും യോഗം തീരുമാനിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന യോഗത്തിന് അധ്യക്ഷത വഹിച്ചു.

Share:
Leave a Comment