പീഡനകേസുകളില്‍ നീതി ലഭിക്കാത്തത്‌ കേരളത്തിന്‌ അപമാനകരം: ജി.ഐ.ഒ കേരള

കേരള മനസ്സിനെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ ശിക്ഷാര്‍ഹനായ ഗോവിന്ദച്ചാമിയുടെ ജയിലിലെ സുഖവാസവും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ച തുക സൗമ്യയുടെ കുടുംബാംഗങ്ങള്‍ക്ക്‌ ലഭിക്കാത്തതും ഉത്തരവാദപ്പെട്ട ഭരണാധികാരികളുടെ കെടുകാര്യസ്ഥതയിലേക്കും പൊള്ള വാഗ്‌ദാനങ്ങളിലേക്കുമാണ്‌ വീണ്ടും വിരല്‍ ചൂണ്ടുന്നതെന്ന്‌ ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ്‌ അപലപിച്ചു. പീഡന വാര്‍ത്തകള്‍ ചൂടുവാര്‍ത്തകളായി മാറിക്കൊണ്ടിരിക്കെ കുറച്ച്‌ നാളത്തെ മുറവിളിയും സമരവും മാത്രമേ ഇതിനു പിന്നിലുണ്ടാവുന്നുള്ളൂവെന്നും നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ നീതി ലഭിക്കാതെ പോവുകയാണ്‌ അധിക കേസുകളിലുമെന്ന്‌ ജി.ഐ.ഒ പ്രസിഡന്റ്‌ പി. റുക്‌സാന പറഞ്ഞു. ഉന്നതന്മാരെ പ്രതിപട്ടികയില്‍ ചേര്‍ത്തും ഒഴിവാക്കിയും സൂര്യ നെല്ലിക്കേസ്‌ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ വിതുരയിലെ പീഡനത്തിനിരയായ പെണ്‍കുട്ടി മുഖ്യമന്ത്രിക്കയച്ച കത്തും ഇതാണ്‌ സൂചിപ്പിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ അപമാനകരമാണെന്നും ഈ അവസ്ഥ തുടരുകയാണെങ്കില്‍ അതിവേഗ നിയമനടപടികളിലൂടെ നീതി ലഭിക്കാന്‍ വമ്പിച്ച പ്രക്ഷോഭ പരിപാടിയിലേക്ക്‌ കേരളസമൂഹം രംഗത്തിറങ്ങേണ്ടി വരുമെന്നും സെക്രട്ടറിയേറ്റ്‌ കൂട്ടിച്ചേര്‍ത്തു. 

Share:
Leave a Comment