തര്‍തീല്‍'14 സ്വാഗതസംഘം ഓഫീസ് തുറന്നു
കണ്ണൂര്‍: വേദപഠനത്തിലും മനനത്തിലും സ്ത്രീകളുടെ മുന്നേറ്റം പുരുഷന്മാരെ വിസ്മയപ്പെടുത്തും വിധം അഭിമാനകരമാണെന്ന് കണ്ണൂര്‍ മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് ഡോ.പി. സലീം അഭിപ്രായപ്പെട്ടു. ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ സംസ്ഥാന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ തല്‍തീല്‍'14 സ്വാഗതസംഘം ഓഫീസ് കൗസര്‍ കോംപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തര്‍തീല്‍ ഖുര്‍ആന്‍പാരായണ- ക്വിസ് മത്സരത്തിന്റെ പ്രാഥമിക റൗണ്ടില്‍ മൂവായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്തുവെന്നത് ഈ രംഗത്ത് പെണ്‍കുട്ടികളുടെ മുന്നേറ്റത്തിന്റെ തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളില്‍ നിന്ന് വേദപണ്ഡിതരും ഗവേഷകരും അസൂയാര്‍ഹമായ നിലയില്‍ വ്യാപിക്കുന്ന കാലം വിദൂരമല്ല. സ്ത്രീശാക്തീകരണമെന്നാല്‍ അവകാശസംരക്ഷണത്തില്‍ മാത്രം ഒതുങ്ങുന്നതല്ല, സാമൂഹിക പദവിയിലെ അവരുടെ ഉയര്‍ച്ച കൂടിയാണ്. വൈജ്ഞാനിക രംഗത്ത് സ്ത്രീ മുന്നേറ്റമുണ്ടായാല്‍ തന്നെ സാമൂഹിക പദവിയില്‍ അവര്‍ ബഹുദൂരം എത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് സി. ഹസ്‌ന അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ യു.പി. സിദ്ധീഖ് മാസ്റ്റര്‍, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം കണ്ണൂര്‍ ഏരിയ പ്രസിഡന്റ് സി.എച്ച് ഫരീദ, ജി.ഐ.ഒ സംസ്ഥാന സമിതി അംഗം. പി.എം. ജാസ്മിന്‍, ജമാഅത്തെ ഇസ്‌ലാമി ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് ഹനീഫ മാസ്റ്റര്‍, തര്‍തീല്‍ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സി.കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംസാരിച്ചു. ആരിഫ ഖിറാഅത്ത് നടത്തി. ജില്ലാ അസി. സെക്രട്ടറി അര്‍ഷാന സ്വാഗതം പഞ്ഞു.