ചരിത്രം

സത്യത്തിന് സാക്ഷികളാവുകയും ദീന്‍ സംസ്ഥാപിക്കുകയും ചെയ്യുക എന്ന ഇസ്‌ലാമിന്റെ ആഹ്വാനം പുരുഷന്മാര്‍ക്കെന്നപോലെ സ്ത്രീകള്‍ക്കും ബാധകമാണ്. അതിനാല്‍ ജമാഅത്തെ ഇസ്‌ലാമി അതിന്റെ ആവിര്‍ഭാവ ഘട്ടത്തില്‍ തന്നെ പ്രബോധന പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തവും അനിവാര്യമാണെന്ന് മനസ്സിലാക്കിയിരുന്നു. ഇസ്‌ലാമിലെ ധീരോദാത്തരായ സ്വഹാബി വനിതകളുടെ ത്യാഗോജ്വലമായ ചരിത്രമാണ് അതിന് പ്രചോദനമായത്. ഇസ്‌ലാമിക പ്രസ്ഥാനം കേരളത്തില്‍ രൂപീകരിക്കുന്ന സമയത്ത് മുസ്‌ലിം സ്ത്രീയുടെ അവസ്ഥ അത്യന്തം ശോചനീയമായിരുന്നു. പുരോഹിതവര്‍ഗത്തിന്റെ കൈകടത്തല്‍ കാരണം അറിവിന്റെ വിശാലമായ ലോകത്തിലേക്കുള്ള വാതായനങ്ങള്‍ അവള്‍ക്ക് മുമ്പില്‍ കൊട്ടിയടക്കപ്പെട്ടിരുന്നു.

സ്ത്രീസമൂഹം കടുത്ത അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും അകപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ വനിതകളെ കൂടി പങ്കാളിയാക്കണമെന്നത് അത്യന്തം പ്രയാകരമായിരുന്നു. അതിനാല്‍ വിദ്യാഭ്യാസവും പരിശീലനവും വഴി ഇസ്‌ലാമിക പ്രബോധനത്തിനും പ്രവര്‍ത്തനത്തിനും യോഗ്യതയുള്ള ഒരാളെയെങ്കിലും ഓരോ പ്രദേശത്തും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജമാഅത്ത് വനിതകള്‍ക്കിടയിലെ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.

1984ല്‍ വിദ്യാര്‍ഥിനികളെയും യുവതികളെയും ഉദ്ദേശിച്ച് കൊണ്ട് ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ രൂപവത്കരിക്കപ്പെട്ട തികച്ചും ഭൗതികമായ ചിന്താധാരകളാലും സംസ്‌കാരങ്ങളാലും വലയം ചെയ്യപ്പെട്ട വിദ്യാര്‍ഥിനി വൃന്ദത്തെ ഇസ്‌ലാമിക ജീവിതക്രമത്തിന്റെ സ്വഛശീതളമായ സംസ്‌കാരത്തില്‍ അടിയുറപ്പിച്ച് നിര്‍ത്താന്‍ പ്രസ്ഥാനം നടത്തിയ ശ്രമത്തിന്റെ ഫലമായിരുന്നു നേരത്തേ സൂചിപ്പിച്ച ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയുടെ രൂപീകരണം.

മാര്‍ഗഭ്രംശം സംഭവിക്കാന്‍ ഏറെ സാധ്യതയുള്ള കൗമാരക്കാരെ സന്മാര്‍ഗത്തിലേക്ക് തിരിച്ചുവിട്ട ചൂണ്ടുപലകയായി ജി.ഐ.ഒ നിലകൊണ്ടു. അസാന്മാര്‍ഗികതയും അശ്ലീലതയും നിറഞ്ഞ ഉത്തരാധുനിക കാമ്പസുകളുടെ മായിക വലയങ്ങളില്‍നിന്ന് ധാര്‍മികതയിലേക്കും ജീവിതാവബോധത്തിലേക്കും പെണ്‍കുട്ടികളെ നയിക്കാന്‍ ജി.ഐ.ഒ ധാരാളം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കിവരുന്നു.

സ്ത്രീപീഡനത്തിനെതിരെയുള്ള കാമ്പയിന്‍, വനിതാ വിമോചനം വിശ്വാസത്തിലൂടെ എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് ജില്ലാ സമ്മേളനങ്ങള്‍, അവകാശ സംരക്ഷണ ദിനം, നബിദിന കാമ്പയിന്‍, ആരോഗ്യ ശുചീകണവാരം, റാഗിംഗ് വിരുദ്ധ കാമ്പയിന്‍ തുടങ്ങിയവ ജി.ഐ.ഒയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രധാന പരിപാടികളാണ്. ജി.ഐ.ഒ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍, കൊളാഷ് പ്രദര്‍ശനങ്ങള്‍, ചര്‍ച്ചകള്‍, ഒപ്പ് ശേഖരണം, സര്‍വേ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം വേറിട്ട അനുഭവങ്ങളായി. സൗന്ദര്യ മത്സരത്തിനെതിരെ നടത്തിയ ശക്തമായ പ്രകടനം വനിതാ സംഘടനകളുടെയെല്ലാം പ്രശംസ പിടിച്ചുപറ്റി. പഠനരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്നതോടൊപ്പം സമരസേവന രംഗങ്ങളിലും സജീവമായ ഒട്ടേറെ പ്രവര്‍ത്തകര്‍ ഇന്ന് ജി.ഐ.ഒക്കുണ്ട്.