സ്‌ത്രീ സൗഹാര്‍ദ്ദ കൂട്ടായ്‌മയായി ജി.ഐ.ഒ ഇഫ്‌താര്‍ മീറ്റ്‌

തിരുവനന്തപുരം: ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള (ജി.ഐ.ഒ) തിരവനന്തപുരം ഹോട്ടല്‍ ദ ക്യാപ്‌റ്റലില്‍ വെച്ച്‌ സംഘടിപ്പിച്ച ഇഫ്‌താര്‍ വിരുന്ന്‌ സമൂഹത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്‌ട്രീയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്‌ത്രീ പ്രതിനിധികളെ കൊണ്ട്‌ ശ്രദ്ധേയമായി. പരിപാടിയില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി.റുക്‌സാന റമദാന്‍ സന്ദേശം നല്‍കി. നീതിയിലും നന്മയിലും ധാര്‍മ്മികതയിലുമൂന്നിയ സമൂഹത്തിന്റെ പുനര്‍ സൃഷ്‌ടിക്ക്‌ അനിവാര്യമായ ഇച്ഛാശക്തിയും മനോബലവും റമദാന്‍ വ്രതത്തിലൂടെ വിശ്വാസി നേടിയെടുക്കുന്നുവെന്ന്‌ അവര്‍ പറഞ്ഞു. യുവതികള്‍ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പുതു പ്രതീക്ഷ ഉണര്‍ത്തുന്നതും ഏറെ സ്വാഗതാര്‍ഹവുമാണെന്ന്‌ പ്രശസ്‌ത എഴുത്തുകാരി സാറ തോമസ്‌ വിരുന്നില്‍ പങ്കെടുത്ത്‌ കൊണ്ട്‌ പറഞ്ഞു. പൊതു സമൂഹത്തില്‍ ഇന്ന്‌ സ്‌ത്രീകളാണ്‌ കൂടുതല്‍ ചൂഷണത്തില്‍ വിധേയരാവുന്നത്‌. അതിനാല്‍ തന്നെ ഇത്തരം കൂട്ടായ്‌മ അനിവാര്യമാണെന്ന്‌ ചടങ്ങില്‍ പങ്കെടുത്ത്‌ സംസാരിച്ച പ്രശസ്‌ത ബാലസാഹിത്യകാരിയും ചെഷയര്‍ ഹോം അധ്യക്ഷയുമായ വിമലമേനോന്‍ അഭിപ്രായപ്പെട്ടു. മതം ഒരു തീവ്രതയല്ല മറിച്ച്‌ മനുഷ്യനെ നന്മയിലേക്ക്‌ നയിക്കുന്നതാണ്‌. ഇത്തരം കൂട്ടായ്‌മകള്‍ ഇതിനുദാഹരണമാണെന്നും ഗാന്ധി ഭവന്‍ അധ്യക്ഷ രുഗ്‌മിണി രാമകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. പരിപാടിയില്‍ എം.എസ്‌.എഫ്‌ ഹരിത സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബുഷ്‌റ, എസ്‌.യു.സി.ഐ. സംസ്ഥാന കമ്മിറ്റിയംഗം മിനി, ജില്ലാ സെക്രട്ടറി സബൂറ, മഹിള കോണ്‍ഗ്രസ്സ്‌ ജില്ലാ പ്രസിഡന്റ്‌ മോളി അജിത്ത്‌, ജ.ഇ വനിത വിഭാഗം ജില്ലാ പ്രസിഡന്റ്‌ നുസ്‌റത്ത്‌, എഴുത്തുകാരിയും ദൂരദര്‍ശന്‍ മുന്‍ അവതാരികയും എഴുത്തുകാരിയുമായ കെ.ബി. ബീന, പ്രശസ്‌ത സാമൂഹിക പ്രവര്‍ത്തക ജെ. ദേവിക, ഗവേഷക വിദ്യാര്‍ഥിനി വര്‍ഷ, ഗായിക സിദ്‌റത്തുല്‍ മുന്‍തഹ എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി സൗദ കെ. സ്വാഗതവും നാദിയ പ്രാര്‍ഥനയും നടത്തി.
Share:

Tags:State News