ഇളം ചിറകുള്‍ക്ക് കരുത്തേകി ജി.ഐ.ഒ മീറ്റുകള്‍
ഭൗതികതയുടെ അതിപ്രസരം കാരണം പരജീവിതത്തിലേക്കുള്ള ചുവടുകള്‍ക്കിളക്കം സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ കൊടുംകാലത്ത്, കൊയ്‌ത്തുനേരത്ത് അയ്യടാ എന്നായിപ്പോവാതിരിക്കാന്‍ ജി.ഐ.ഒ മുന്‍കരുതല്‍ എടുക്കാറുണ്ട്. അതില്‍ പ്രധാനമാണ് കൗമാരക്കാരികളെ, പ്രത്യേകിച്ചും ഹൈസ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികളുടെ സംഗമം സംഘടിപ്പിക്കുന്നത്. തുളുമ്പിത്തുടങ്ങുന്ന ഇളം ശരീരങ്ങളെ പുറംലോകത്തിന്റെ വര്‍ണക്കൂട്ടുകള്‍ കാണിച്ച് ഈയാം പാറ്റകളാക്കുന്ന വാര്‍ത്തകള്‍ നമ്മള്‍ കട്ടന്‍ചായ കുടിക്കുന്ന ലാഘവത്തോടെ വായിക്കുമ്പോള്‍, രക്ഷിതാക്കളുടെ കൈ വിടുവിച്ച് കാമുകനൊപ്പം പെരുവഴിയിലേക്ക് ഇറങ്ങിപ്പോകുന്ന കഥ വായിച്ചു നെടുവീര്‍പ്പണിയുമ്പോഴും പെണ്‍വാണിഭ കഥകളുടെ പിന്നാമ്പുറത്ത് കുറുന്തോട്ടിക്കും വാതമെന്ന് ഗുണപാഠമെഴുതുമ്പോഴും, എവിടെയാണ് ചികിത്സിക്കേണ്ടതെന്ന് ജി.ഐ.ഒക്ക് ആശയക്കുഴപ്പമുണ്ടാകാറില്ല. ജീവിത ദൗത്യത്തെക്കുറിച്ച്, ഫെമിനിസ്റ്റ്/യാഥാസ്ഥിതിക വ്യാഖ്യാനങ്ങള്‍ക്കപ്പുറം തന്നിലെ പെണ്മയുടെ നേര്‍സാക്ഷ്യത്തെ സംബന്ധിച്ച് ജീവിത പ്രയാണത്തിനിടക്ക് പാലിക്കേണ്ട ട്രാഫിക് നിയമങ്ങളെക്കുറിച്ച്, ചില ചീളുകള്‍ പെണ്‍കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഒരു വേദിയാണ് ജി.ഐ.വിന്റെ ടീന്‍സ് മീറ്റുകള്‍. പറന്നു തുടങ്ങുന്ന ഇളം ചിറകുകള്‍ക്ക് ജി.ഐ.ഒ നല്‍കുന്ന ഈ താങ്ങും കരുതലും കൊതിച്ചു തന്നെയാണ് ടീന്‍സ് മീറ്റുകളില്‍ കൗമാരക്കാരികളുടെ വന്‍ പങ്കാളിത്തം ഉണ്ടായിരുന്നത്. 2013 ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തിലെ 13 ജില്ലകളിലായി 16 സെന്ററുകളില്‍ വെച്ച് ജി.ഐ.ഒ ടീന്‍സ് മീറ്റുകള്‍ നടത്തുകയുണ്ടായി. പല ജില്ലകളിലും വിദ്യാര്‍ഥിനികളുടെ ആധിക്യം കാരണം രണ്ടോ മൂന്നോ സെന്ററുകളിലായി നടത്തേണ്ടി വന്നു. തുച്ഛമായ ഫീസ് സ്വീകരിച്ച് ഈ പെണ്‍കുട്ടികളെ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ ക്യാമ്പു ചെയ്യിച്ച് ഇസ്‌ലാമിക പാഠങ്ങളുടെ പിന്‍ബലത്തില്‍ നേര്‍ ജീവിത കാഴ്‌ച്ചകളിലേക്ക് നയിച്ചു. ഈ കാഴ്‌ചകള്‍ അവര്‍ക്ക് പ്രചോദനമേകാന്‍ പര്യാപ്‌തമായിരുന്നു. ഖുര്‍ആന്‍, ഹദീസ് പാഠങ്ങള്‍ക്കു പുറമെ കാലിക വിഷയങ്ങളില്‍ ക്ലാസുകളും കലാപ്രകടനങ്ങളും കളികളും ചേര്‍ന്ന് സമ്പന്നമായിരുന്നു ഈ മീറ്റുകള്‍. റിയാലിറ്റി ഷോകളായും കളികളായും ഇവര്‍ തങ്ങളുടെ വീക്ഷണങ്ങള്‍ അവതരിപ്പിച്ചു. വിവിധ ജില്ലകളില്‍ പ്രശസ്‌തരായ മേരി ജോസഫ്, എന്‍.എം. അന്‍സാരി, വി.കെ. മുഹമ്മദ് അലി, ഡോ: അമൃത, ബാബുഭരദ്വാജ്, ഫാത്തിമ സുഹറ എന്നിവര്‍ പങ്കെടുത്തു. പരിപാടികള്‍ വന്‍വിജയമായി പരിസമാപ്‌തി കുറിച്ചു. 16 സെന്ററുകളില്‍ 1658 വിദ്യാര്‍ഥിനികള്‍ പങ്കെടുത്തതും ഇതിന്റെ നേട്ടമായി കൂട്ടാനാവും