തര്‍തീല്‍ `12 സമാപിച്ചു

ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള സംസ്ഥാനതലത്തില്‍ പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണമത്സരം തര്‍തീല്‍ ?12-ന്‌ കോഴിക്കോട്‌ നളന്ദ ഓഡിറ്റോറിയത്തില്‍ പ്രൗഢോജ്വലമായ പരിസമാപ്‌തി. നുഹ അബ്ദുറഹീം(എറണാകുളം) മികച്ച ഖാരിഅ ആയി തെരഞ്ഞെടുക്കപ്പെട്ടു. സുമയ്യ വി.ഐ (എറണാകുളം) രണ്ടാം സ്ഥാനവും റഫീഹ അബ്ദുല്‍ ഖാദര്‍(കണ്ണൂര്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കേരളത്തില്‍ തന്നെ ഇതാദ്യമായാണ്‌ പെണ്‍കുട്ടികള്‍ക്കായി ഇത്തരമൊരു മത്സരം നടത്തപ്പെടുന്നത്‌. ഒക്ടോബര്‍ 2 ന്‌ നടന്ന പ്രാദേശികതല മത്സരങ്ങളില്‍ പങ്കെടുത്ത 3000 ത്തോളം പേരില്‍ നിന്ന്‌്‌ തെരഞ്ഞെടുക്കപ്പെട്ട 600 പേര്‍ സെക്കന്ററിതല മത്സരങ്ങളില്‍ മാറ്റുരച്ചു. സെക്കന്ററിതല വിജയികളായ 34 പേര്‍ 20-10-12 ന്‌ കോഴിക്കോട്‌ കെ. എം. എ ഓഡിറ്റോറിയത്തില്‍ നടന്ന ഫൈനലില്‍ പങ്കെടുത്തു. ജേതാക്കളായ പത്തു പേരില്‍ നിന്നാണ്‌ യഥാക്രമം 25000, 15000 ,10000 കാഷ്‌ പ്രൈസിന്‌ അര്‍ഹരായ ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനക്കാരെ തെരഞ്ഞെടുത്തത്‌. വൈജ്ഞാനികവും ആത്മീയപരവുമായ വളര്‍ച്ചക്ക്‌ ഖുര്‍ആന്‍ ഒരു പ്രേരകമാവേണ്ടതുണ്ടെന്ന്‌ തര്‍തീല്‍ 12 ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കവെ ജമാഅത്തെ ഇസ്‌ലാമി വനിതാ തമിഴ്‌നാട്‌ ഘടകം പ്രസിഡന്റ്‌ ഫാഖിറ അതീഖ അഭിപ്രായപ്പെട്ടു. ഖുര്‍ആന്റെ ആത്മാവിനെ തൊട്ടറിഞ്ഞ്‌ സര്‍ഗപരമായ കഴിവുകളെ വളര്‍ത്തുവാനും പുതിയൊരു കാലത്തിന്റെ വക്താക്കളായി മാറുവാനും ജി.ഐ.ഒ വിന്‌ കഴിയും എന്ന്‌ അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. സ്‌ക്രീനിംഗില്‍ പങ്കെടുത്തവര്‍ക്കുള്ള സമ്മാനങ്ങള്‍ ഫാഖിറ അതീഖ, നാസിറ ഖാനം, കെ. കെ സുഹറ, കെ. എന്‍ സുലൈഖ, എം.കെ. സുഹൈല, പി. റുക്‌സാന തുടങ്ങിയവര്‍ വിതരണം ചെയ്‌തു. മെഗാഫൈനല്‍ മത്സരത്തിന്‌ പ്രശസ്‌ത ഖാരിഉകളായ ശഫീഉദ്ദീന്‍(ബീഹാര്‍), മുഹമ്മദ്‌ അസ്‌അദ്‌ യൂസുഫി(ഉത്തര്‍ പ്രദേശ്‌), മഹ്‌മൂദ്‌ ആലം(ബീഹാര്‍), അസറുല്ല കരുവമ്പൊയില്‍, മുഹമ്മദ്‌ പെരുമയില്‍ എന്നിവരായിരുന്നു വിധി നിര്‍ണയിച്ചത്‌. ശബ്ദമാധുരി കൊണ്ട്‌ സദസ്സിനെ കൈയിലെടുത്ത സിദറതുല്‍ മുന്‍തഹക്കും നബാ ഷെറിനും ശേഷം വേദിയില്‍ സ്‌ത്രീയവസ്ഥയുടെ വിവിധ മുഖങ്ങള്‍ അവതരിപ്പിച്ചുകൊണ്ട്‌ സംഗീതാവിഷ്‌കാരം അരങ്ങേറി. ജി. ഐ. ഒ സംസ്ഥാനപ്രസിഡന്റ്‌ എം. കെ സുഹൈലയുടെ ആമുഖപ്രഭാഷണത്തിന്‌ ശേഷം സമാപന സെഷന്‍ ജമാഅത്തെ ഇസ്‌ലാമി കേന്ദ്രപ്രതിനിധി സഭാംഗം നാസിറാ ഖാനം ഉദ്‌ഘാടനം ചെയ്‌തു. പാരായണചാതുരിയാണ്‌ പലപ്പോഴും ഖുര്‍ആനിനെ വ്യത്യസ്‌തമാക്കുന്നതെന്നും മനുഷ്യസമൂഹത്തിന്‌ എല്ലാകാലത്തേക്കുമുള്ള വഴികാട്ടിയാണ്‌ ഖുര്‍ആനെന്നും അവര്‍ അഭിപ്രായപ്പെട്ടു. തര്‍തീല്‍ `12 വിജയികളെ പ്രഖ്യാപിച്ചുകൊണ്ട്‌ കേരള അമീര്‍ ടി. ആരിഫലി സംസാരിച്ചു. ?പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണമികവ്‌ കണ്ടെത്താനോ പ്രോത്സാഹിപ്പിക്കാനോ കേരളത്തിലിന്നുവരെ ഇത്ര ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. ഇത്‌ ഒരുപാട്‌ തുടക്കങ്ങളുടെ തുടക്കമാണ്‌-അദ്ദേഹം പറഞ്ഞു. ചരിത്രപരമായ ഒരു മുന്നേറ്റമാണ്‌ ജി. ഐ. ഒ നടത്തിയിരിക്കുന്നതെന്ന്‌ മുഖ്യപ്രഭാഷണം നിര്‍വഹിക്കവെ ജ. ഇ കേരള അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌ അഭിപ്രായപ്പെട്ടു. വനിതാ ലീഗ്‌ പ്രസിഡന്റ്‌ ഖമറുന്നീസ അന്‍വര്‍, എം. ജി. എം പ്രസിഡന്റ്‌ ഖദീജ നര്‍ഗീസ്‌, ജ. ഇ സെക്രട്ടറി കെ. കെ സുഹറ, സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്‌ വേളം, ആക്കോട്‌ അബ്ദുല്‍ ഖാദര്‍, ജ. ഇ വനിതാ വിഭാഗം പ്രസിഡന്റ്‌ കെ. എന്‍ സുലൈഖ, എസ്‌. ഐ.ഒ ജനറല്‍ സെക്രട്ടറി സമീര്‍ ആലപ്പുഴ, ജ. ഇ കോഴിക്കോട്‌ ജില്ലാപ്രസിഡന്റ്‌ ഖാലിദ്‌ മൂസ നദ്‌വി തുടങ്ങിയ പ്രമുഖര്‍ ആശംസകളര്‍പ്പിച്ച്‌ സംസാരിച്ചു.
Share:

Tags:State News