മൂല്യാധിഷ്ഠിത ജനാധിപത്യം ഇന്നും അന്യമാണ് : കെ.എന്‍.എ ഖാദര്‍

കോഴിക്കോട്: ജനാധിപത്യത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ടവര്‍ ഏകാധിപതികളായി മാറുന്ന സാഹചര്യമാണ് രാജ്യത്ത് നിലനില്‍ക്കുന്നതെന്നും മൂല്യാധിഷ്ഠിത ജനാധിപത്യം ഇന്നും അന്യമാണെന്നും മുന്‍ എം.എല്‍.എ കെ.എം.എ ഖാദര്‍. കേരളത്തിലെ ദളിത് ന്യൂനപക്ഷ വേട്ടയുടെ ചരിത്രം എന്ന വിഷയത്തില്‍ ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറി വരുന്ന ഭരണ സംവിധാനങ്ങളിലോ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണങ്ങളായ പോലീസ് ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥ വൃന്തത്തിന്റെ സമീപനങ്ങളിലോ മാറ്റം സംഭവിക്കാത്തതാണ് ദളിത് ന്യൂനപക്ഷ വേട്ടയുടെ ആക്കം കൂട്ടുന്നതെന്ന് അദ്ദേഹം ആരോപിച്ചു.സവര്‍ണ്ണ സാംസ്‌കാരിക മൂലധനത്തിന്റെ ഗര്‍വ്വില്‍ പടുത്തുയര്‍ത്തുന്ന മതേതര സങ്കല്‍പ്പങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുന്നവരെ ഉള്‍ക്കൊള്ളുന്നില്ലെങ്കില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്നും ഈ ചലനം കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ.കെ ബാബുരാജ് പറഞ്ഞു. ദളിത് മുസ്്‌ലിം ഹിംസ വ്യവസ്ഥാപിതമായി നടന്നു വരുന്നു എന്നതാണ് ചരിത്രവും വര്‍ത്തമാനവും വ്യക്തമാക്കുന്നതെന്നും ഈ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ യോജിച്ചുള്ള ഇടപെടലുകള്‍ നടത്തണമെന്നും ചര്‍ച്ചാ സദസ്സ് അഭിപ്രായപ്പെട്ടു.
ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍. കെ.എസ് മാധവന്‍, അഡ്വ. പ്രീത, ദളിത് ചിന്തകന്‍ എ.എസ് അജിത് കുമാര്‍, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രദീപ് നെന്മാറ, ജമാഅത്തെ ഇസ്്‌ലാമി സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍, ജമാഅത്തെ ഇസ്്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് എ. റഹ്്മത്തുന്നിസ, സോളിഡാരിറ്റി സംസ്ഥാന വൈസ്പ്രസിഡന്റ് സമദ് കുന്നകാവ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സുഹൈബ് സി.ടി തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ റോഹിങ്ക്യന്‍ മുസ്്‌ലിംകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ജി.ഐ.ഒ കേരള വൈസ് പ്രസിഡന്റ് ഹാജറ പ്രമേയം അവതരിപ്പിച്ചു.  ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്്‌നമിയാന്‍ സ്വാഗതവും സെക്രട്ടറി നാസിറ തയ്യില്‍ നന്ദിയും പറഞ്ഞു.

Share:

Tags:State News