കോഴിക്കോട്: മുസ്‌ലിംകളെക്കുറിച്ചും മുസ്‌ലിം സ്ത്രീകളെക്കുറിച്ചും മാധ്യമങ്ങളില്‍ വരുന്നതേറെയും സെന്‍സേഷണലൈസും നെഗറ്റീവും ആയ വാര്‍ത്തകളും ചിത്രീകരണങ്ങളുമാണെന്ന് മുബൈ ഹൈക്കോടതി അഭിഭാഷകയും ആക്ടിവിസ്റ്റുമായ ഫ്‌ലേവിയ ആഗ്‌നസ് പറഞ്ഞു. ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) സംഘടിപ്പിക്കുന്ന മുസ്‌ലിം വിമന്‍സ് കൊളോക്കിയം ജെ.ഡി.ടി ഇസ്‌ലാം കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മുസ്‌ലിം സമൂഹത്തിലുള്ള പ്രശ്‌നങ്ങളെല്ലാം തന്നെ ഹിന്ദു സമൂഹവും അനുഭവിക്കുന്നുണ്ട്. ഉന്നത പദവികള്‍ വഹിക്കുന്നതും പുരോഗമനപരമായ കാര്യങ്ങള്‍ ചെയ്യുന്നതുമായ ഒട്ടേറെ മുസ്‌ലിം സ്ത്രീകളുമുണ്ട്. എന്നാല്‍, മുസ്‌ലിം സ്ത്രീകള്‍ക്കെതിരെയുള്ള വാര്‍ത്തകളും അവതരണങ്ങളും കാണിക്കാനാണ് മാധ്യമങ്ങള്‍ക്ക് താല്‍പര്യം. ഈ അവസ്ഥ മാറേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു.
സ്വാതന്ത്യത്തിന്റെയും പുരോഗതിയുടെയും പേരില്‍ നമ്മുടെ നാട്ടില്‍ കുടുംബം, ദാമ്പത്യം തുടങ്ങിയ സ്ഥാപനങ്ങളെ തകര്‍ക്കുന്ന സാഹചര്യമണുള്ളതെന്നും, ഇതിലൂടെ സ്ത്രീത്വത്തിന്റെ മഹത്വമാണ് തര്‍ക്കപ്പെടുന്നതെന്നും മുഖ്യപ്രഭാഷണത്തില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സെക്രട്ടറി ജനറല്‍ എന്‍ജിനിയര്‍ മുഹമ്മദ് സലിം പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ പിന്നാക്കാവസ്ഥ മറ്റുള്ളവര്‍ ആരോപിക്കുന്നതുപോലെ ഇസ്‌ലാമിന്റെ പ്രശ്‌നം കൊണ്ടല്ല, മറിച്ച് ഇസ്‌ലാമിക മൂല്യങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതുകൊണ്ടാണ്. ശാരീരികമായും വൈകാരികമായും സ്ത്രീയും പുരുഷനും തുല്യരെല്ലെങ്കിലും, അവരെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ തുല്യരായി കാണേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം സ്ത്രീകളുടെ സംരക്ഷകരെന്ന് പ്രഖ്യാപിച്ച് യഥാര്‍ഥത്തില്‍ അവരെ ഇസ്‌ലാമിനെതിരെ ഉപയോഗിക്കാനുള്ള ആയുധമാക്കുകയാണ് ചിലര്‍ ചെയ്യുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. അഡ്വ. നൂര്‍ബിന റഷീദ്, കെ.കെ. ഫാത്തിമ സുഹറ, സഫിയ അലി, അഡ്വ. ഫാത്തിമ തഹ്‌ലിയ എന്നിവര്‍ സംസാരിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന സ്വാഗതവും സെക്രട്ടറി ഫസ്‌ന മിയാന്‍ നന്ദിയും പറഞ്ഞു.
'ജ്ഞാന ശാസ്ത്രവും പാരമ്പര്യവും വ്യാഖ്യാനാധികാരവും ഇസ്‌ലാമില്‍' എന്ന വിഷയത്തില്‍ ഡോ. വര്‍ഷ ബഷീര്‍, എ. റഹ്മത്തുന്നിസ, പി.എം.എ ഗഫൂര്‍, ഒ.എ ഫര്‍ഹ, വി.എ.എം. അഷ്‌റഫ്, കെ. സഹ്‌ല, മുഹമ്മദ് ഷമീം, ഡോ. ജാബിര്‍ അമാനി എന്നിവര്‍ സംസാരിച്ചു.
'ഏകീകൃത വ്യക്തിനിയമത്തിന്റെ രാഷ്ട്രീയവും മുസ്‌ലിം സ്ത്രീയും' വിഷയത്തില്‍ അഡ്വ. ഫ്‌ലേവിയ ആഗ്‌നസ് പ്രഭാഷണം നടത്തി. 'മുസ്‌ലിം ദൈവശാസ്ത്രവും ലിംഗ വ്യാഖ്യാന ശാസ്ത്രവും' വിഷയത്തില്‍ വി.എ. കബീര്‍, വി. ബാസിമ ഷഹന, ഫാത്തിമ മദാരി, കെ.ടി ഹുസൈന്‍, കെ.വി ഷഹ്‌നാസ്, മുഹമ്മദ് ബിലാല്‍, എ.കെ നിയാസ് എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചയില്‍ കെ.പി സല്‍വ, ഡോ. ജന്നി റൊവീന, എ.എസ് അജിത്ത്കുമാര്‍, ഡോ. ഷെറിന്‍ ബി.എസ്, ഡോ. ആര്‍ യൂസുഫ് എന്നിവര്‍ സംസാരിച്ചു. 'മുസ്‌ലിം സ്ത്രീ സ്വത്വവും പ്രതിനിധാനവും' വിഷയത്തില്‍ ഡോ. ജന്നി റൊവീന, ഖദീജ മങ്ങാട്ട്, ഫെബ റഷീദ്, ഡോ. വി.ഹിക്മത്തുള്ള, അഡ്വ. എ.കെ ഫാസില, ജുവൈരിയ ഇറാം, ഫര്‍ഹാന ആഷിക് എന്നിവര്‍ സംസാരിച്ചു.
രണ്ടാം ദിവസം മുസ്‌ലിം സ്ത്രീയുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സെഷന് ഷെറിന്‍ ബി.എസ് നേതൃത്വം നല്‍കി. ഒ.വി സാജിദ, അന്‍സിയറഹ്മാന്‍, അമല്‍ അബ്ദുറഹ്മാന്‍, ഫൗസിയ ശംസ്, ഫര്‍ഹാന ആഷിഖ് എന്നിവര്‍ വിഷയാവതരണം നടത്തി. തെഹ്്‌റാനിലെ സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, അസി.പ്രൊഫസര്‍ ഡോ. ഇന്‍ശാഹ് മാലിക് സംസാരിച്ചു.
തുടര്‍ന്ന് നടന്ന ലിംഗരാഷ്ട്രീയത്തിന്റെ ഡികൊളോണിയല്‍ സമീപനങ്ങളെ വിലയിരുത്തുന്ന സെഷന് എ.എസ് അജിത്ത് കുമാര്‍ നേതൃത്വം നല്‍കി. ഉമ്മുല്‍ ഫായിസ പി.പി, മര്‍വ എം, നൂറുനിദ എം, സിമി കെ സാലിം എന്നിവര്‍ വിഷയങ്ങളവതരിപ്പിച്ചു.
ഇന്ത്യയിലെ വിവിധ കാമ്പസുകളിലെ പ്രതിനിധികള്‍ അണിനിരന്ന കാമ്പസ് പൊളിറ്റിക്‌സ് ഐക്യദാര്‍ഢ്യ സെഷനില്‍ ലദീദ സഖ്‌ലൂണ്‍, ജെ.എന്‍.യു വിലെ ബുപാലി മഗാരെ, നിഖില ഹെന്റി, സല്‍വാ അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ കാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തങ്ങളുടെ കാമ്പസ് അനുഭവങ്ങള്‍ പങ്കുവെച്ചു. അക്കാദമിക് സെഷനുകള്‍ക്ക് സമാപനം കുറിച്ചുകൊണ്ട് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി റുക്‌സാന, ജമാഅത്തെ ഇസ്‌ലാമി വനിതാവിഭാഗം സംസ്ഥാന വൈസ്പ്രസിഡന്റ് എ റഹ്മത്തുന്നിസ എന്നിവര്‍ സദസ്സിനെ അഭിമുഖീകരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നാസിറ തയ്യില്‍ നന്ദി പറഞ്ഞു.
ഇസ്‌ലാമിക പ്രസ്ഥാനം കാലങ്ങളായി പൊതുമണ്ഡലത്തില്‍ നടത്തികൊണ്ടിരിക്കുന്ന ഇടപെടലുകളുടെ തുടര്‍ച്ചയായാണ് മുസ്‌ലിം വിമന്‍സ് കൊളോക്കിയം സംഘടിപ്പിക്കപ്പെട്ടത്. സമൂഹത്തിലുണ്ടാകുന്ന ഓരോ ചലനങ്ങളോടും പ്രതികരിക്കാനും അവയുടെ അക്കാദമികവും സാമൂഹികവുമായ പശ്ചാതലങ്ങളെ വായിക്കാനും അതിലൂടെ ഉയര്‍ന്നു വരുന്ന രാഷ്ട്രീയത്തോട് സംവദിക്കാനും എന്നും പ്രസ്ഥാനവും പോഷക സംഘടനകളും ശ്രമിച്ചിട്ടുണ്ട്. ഇസ്‌ലാമിക് അക്കാദമിക് കോണ്‍ഫറന്‍സ്, കേരള മുസ്‌ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ്, മുഖദ്ദിമ അക്കാദമിക് സമ്മിറ്റ്, ഇസ്‌ലാമോഫോബിയ കോണ്‍ഫറന്‍സ് എന്നീ പരിപാടിക വിവിധ മേഖലകളിലുള്ള വ്യവഹാരങ്ങളെ അഭിമുഖീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചതന്നെയാണ് മുസ്‌ലിം വിമന്‍സ് കൊളോക്കിയത്തിലൂടെയും ജി.ഐ.ഒ ലക്ഷ്യംവെച്ചത്.