പുതിയ കാലത്തെ പ്രതിനിധീകരിക്കാന്‍ കരുത്തും ശക്തിയുമാര്‍ജിക്കണം - ശൈഖ് മുഹമ്മദ് കാരകുന്ന്

തിരുവനന്തപുരം: പ്രമാണങ്ങളുടെ ആശയം മനസ്സിലാക്കാതെ കേവലമായ അക്ഷരവായന നടത്തി സ്ത്രീ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്താനും അന്ധവിശ്വാസങ്ങള്‍ അരക്കിട്ടുറപ്പിക്കാനും നീക്കങ്ങള്‍ നടക്കുന്നെന്ന് ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന്. ഈ സാഹചര്യത്തില്‍ പ്രമാണങ്ങളുടെ പുനര്‍വായന അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ യുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന 'മുസ്‌ലിം വിമന്‍സ് കെളോക്യ' ത്തിന്റെ പ്രഖ്യാപനം പ്രസ്‌ക്ലബ് ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തെ അഭിസംബോധന ചെയ്യാനും പ്രതിനിധാനം ചെയ്യാനുമുള്ള യോഗ്യതകള്‍ ആര്‍ജിക്കണം. നിലനില്‍ക്കുന്ന സാഹചര്യത്തിന്റെ തിന്മകളോട് പൊരുതാനുള്ള ജനാധിപത്യപരമായ ബോധവും കരുത്തും സ്വന്തമാക്കണം. പ്രചാരണങ്ങളും യാഥാര്‍ഥ്യങ്ങളും തമ്മില്‍ വലിയ അന്തരമുണ്ട്. സ്ത്രീകളുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും കുറിച്ച് കൃത്യമായ നിലപാടുകളാണ് ഇസ്‌ലാമിനുള്ളത്. അതേസമയം, തെറ്റിദ്ധാരണകള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. മറുവശത്ത് വിചിത്രമായ മതവീഥികളിലൂടെ അര്‍ഥശൂന്യവും അടിസ്ഥാന രഹിതവുമായ കാര്യങ്ങള്‍ മുന്നോട്ട് വെക്കാന്‍ പൗരോഹിത്യവും ശ്രമിക്കുന്നുണ്ട്. ഇത്തരം തെറ്റായ വ്യാഖ്യാനങ്ങളെ പ്രമാണബദ്ധമായിതന്നെ തിരുത്തണം. കഴിഞ്ഞ കാലങ്ങളില്‍ വൈജ്ഞാനിക സാമൂഹിക - കലാരാഷ്ട്രീയ രംഗങ്ങളില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവനകള്‍ പഠന വിധേയമാക്കണം. പഠനകാലത്ത് മികച്ച നിലവാരം പുലര്‍ത്തുകയും ഉയര്‍ന്ന യോഗ്യതകള്‍ കരസ്ഥമാക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ പിന്നീട് ഈ രംഗത്ത് അധികം സജീവമാകുന്നില്ല. ഏറെ കഷ്ടപ്പെട്ട് പഠിച്ച് നേടുന്ന യോഗ്യതകള്‍ പ്രയോജനപ്പെടാതെ പോകുന്നത് വലിയ നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ മാത്രമല്ല, രാജ്യത്തെ 80 ശതമാനം ജനങ്ങളോടും കേന്ദ്രസര്‍ക്കാര്‍ കടുത്ത വിവേചനം കാട്ടുന്നു. ആനുകൂല്യങ്ങളെല്ലാം 20 ശതമാനം വരുന്ന ഉന്നതര്‍ സ്വന്തമാക്കുന്നു. മുസ്‌ലിംകളെ അരക്ഷിത ബോധത്തില്‍ അകപ്പെടുത്താനും ശ്രമം നടക്കുന്നതായി അദ്ദേഹം പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സമദ് കുന്നകാവ്, ജി.ഐ.ഒ ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, വൈസ്പ്രസിഡന്റ് അമീന എസ്, ജില്ലാ പ്രസിഡന്റ് തസ്‌നീം, സെക്രട്ടറി റുബീന എന്നിവര്‍ പങ്കെടുത്തു. ജസീല ഖിറാഅത്ത് നടത്തി. ഫെബ്രുവരി 25, 26 തീയതികളിലാണ് മുസ്‌ലിം വിമന്‍സ് കൊളോക്യം നടക്കുന്നത്.
Share:

Tags:State News