നജീബിന്റെ തിരോധാനം ജനാധിപത്യത്തിന്റെ തിരോധാനം
കോഴിക്കോട്: ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ തിരോധാനം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് 'മാതാക്കളുടെ ചോദ്യങ്ങളെ ഭയപ്പെടുക'എന്ന തലക്കെട്ടില്‍ ജി.ഐ.ഒ കേരള നടത്തിയ ഐക്യദാര്‍ഢ്യ സദസ്സ് സാമൂഹിക പ്രവര്‍ത്തക എം.ജെ.എസ് മല്ലിക ഉദ്ഘാടനം ചെയ്തു. നമ്മുടെ മുന്നില്‍ എത്തുന്ന വാര്‍ത്തകള്‍ ന്യായീകരിക്കുന്ന പ്രവണതകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. മനുഷ്യത്വത്തിലും സ്‌നേഹത്തിലും വിശ്വസിക്കുന്ന കൂട്ടായ്മയായി ഇത്തരം പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഫാഷിസത്തിന്റെ കൂടെയാണ് നമ്മളെങ്കില്‍ ജനത്തിന് എതിരെയാണ് നമ്മള്‍ എന്ന വായനകള്‍ക്ക് പ്രസക്തി ഏറുന്നുവെന്നും അവര്‍ പറഞ്ഞു. നജീബ് എവിടെയെന്ന ചോദ്യത്തിന് മറുപടി ഇല്ലാത്ത ഭരണകര്‍ത്താക്കളും വിദ്യാര്‍ഥിയുടെ തിരോധാനത്തില്‍ ഉത്കണ്ഠയില്ലാത്ത സര്‍വ്വകലാശാല അധികൃതരും നിശബ്ദ അടിയന്തരാവസ്ഥക്ക് കൂട്ടുപിടിക്കുന്നുവെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ പറഞ്ഞു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന അധ്യക്ഷത വഹിച്ചു. ഐക്യദാര്‍ഢ്യ സദസ്സിന് ജി.ഐ.ഒ കേരള ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ സ്വാഗതവും സെക്രട്ടറി നാസിറ തയ്യില്‍ നന്ദിയും പറഞ്ഞു.