ബാലാരിഷ്ടതകളും കൗമാര-യൗവനങ്ങളും മറികടന്ന് പ്രവർത്തനപഥത്തിൽ 40 വർഷങ്ങൾ പിന്നിട്ട ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷനെ, പ്രാദേശിക തലത്തിൽ കൂടുതൽ ഭദ്രമാക്കുക, കൂടുതൽ വ്യക്തികളിലേക്കും പുതിയ മേഖലകളിലേക്കും വ്യാപിപ്പിക്കുക, സമഗ്ര ഇസ്‌ലാമിക വിദ്യാർത്ഥിനി പ്രസ്ഥാനം എന്ന നിലയിൽ സമൂഹത്തിൽ അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കാസർഗോഡ് മുതൽ കൊച്ചി സിറ്റി വരെയുള്ള ജില്ലകളിൽ ജില്ലാ സമ്മേളനങ്ങൾ സംഘടിപ്പിക്കപ്പെട്ടത്.

‘ഇസ്‌ലാം:വിമോചനപോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന പ്രമേയമുയർത്തി നടന്ന റാലിയിലും ഉജ്വലമായ പൊതുസമ്മേളനങ്ങളിലും ആയിരങ്ങളാണ് അണിനിരന്നത്. തെക്കൻ കേരളത്തിലെ ശേഷിക്കുന്ന ജില്ലകളെ അണിനിരത്തി തിരുവനന്തപുരം നഗരത്തിൽ മായ(??? മാത്രമായി എന്നാണോ) ദക്ഷിണ കേരള സമ്മേളനവും സംഘടിപ്പിക്കപ്പെട്ടു. രണ്ടായിരത്തഞ്ഞൂറോളം വിദ്യാർത്ഥിനി-യുവതികൾ അണിനിരണ ഈ സമ്മേളനം തെക്കൻ കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായിരുന്നു.

സമ്മേളനങ്ങളും അനുബന്ധപരിപാടികളും സംഘടനയിലും സമൂഹത്തിലും വലിയ ചലനങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഇസ്‌ലാം മുസ്‌ലിം സ്ത്രീക്ക് നൽകുന്ന അനന്യമായ സാധ്യതകളെയും അവസരങ്ങളെയും വിളിച്ചോതുന്നതായിരുന്നു ഓരോ സമ്മേളനവും. ആയിരക്കണക്കിന് വിദ്യാർത്ഥിനി-യുവതികൾ അണിനിരന്ന റാലികളുടെയും സമ്മേളനത്തിന്റെയും സംഘാടനം മികവുറ്റതും പഴുതടച്ചതുമായിരുന്നു. ‘ഇസ്‌ലാം:വിമോചനപോരാട്ടങ്ങളുടെ നിത്യപ്രചോദനം’ എന്ന സമ്മേളന പ്രമേയത്തെ കൃത്യമായി വിശദമാക്കുന്ന ഇസ്‌ലാമിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ അതുല്യമായ വിമോചനപ്പോരാട്ടങ്ങളുടെ സ്മരണകളും അവ നൽകുന്ന പാഠങ്ങളും പ്രകടനങ്ങളും സമ്മേളനങ്ങളിലും വിഷയമായി. ഫലസ്തീൻ പോരാട്ടം മുതൽ മലബാർ സമരവും ടിപ്പു സുൽത്താന്റെ പടയോട്ടവും വരെയും ഖിലാഫത്ത് മുതൽ ഇന്ത്യൻ ജമാഅത്തെ ഇസ്‌ലാമിയും ജി.ഐ.ഒ-വിന്റെ ഇടപെടലുകൾ വരെയും ഇസ്‌ലാമോഫോബിയ മുതൽ വഖഫ് ബിൽ വരെയും അനവധി വിഷയങ്ങൾ സമ്മേളനങ്ങളിൽ ഉയർന്നു കേട്ടു.

മുസ്‌ലിം സ്ത്രീയുടെ കർതൃത്വം നിഷേധിക്കുന്ന, അവരെപ്പറ്റി അസത്യം ചമയ്ക്കുന്ന ഇടത്-വലത് കേന്ദ്രങ്ങളോട് തങ്ങളെ ഇവിടെ കൃത്യമായി അടയാളപ്പെടുത്താൻ തങ്ങൾ പ്രാപ്തരാണ് എന്ന ആർജവമുള്ള മറുപടിയായിരുന്നു ഇത്തരം ഓരോ ഇടപെടലുകളും.