GIO Kerala

ജി. ഐ. ഒ (ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍)

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന ഇസ്‌ലാമിക വിദ്യാർത്ഥിനി പ്രസ്ഥാനമാണ് ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ (ജി.ഐ.ഒ). ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ ജി. ഐ. ഒ 1984 മാർച്ച് 5 ന് കേരളത്തിൽ രൂപീകൃതമാവുകയും തുടർന്നുള്ള വർഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.

പതിനഞ്ച് മുതൽ മുപ്പത് വയസ്സ് വരെയുള്ള പെൺകുട്ടികളാണ് ജി. ഐ. ഒവിന്റെ പ്രവർത്തക-നേതൃ വൃന്ദം. രൂപീകരണകാലം മുതൽ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ കൃത്യമായി വിശകലനം ചെയ്തുകൊണ്ടുള്ള ഇടപെടലുകളാണ് ജി. ഐ. ഒ നടത്തിയിട്ടുള്ളത്. വിദ്യാഭ്യാസം, സേവനം, കലാ-സാഹിത്യ രംഗങ്ങൾ, കാമ്പസ് രാഷ്ട്രീയം, സമരം തുടങ്ങി വിവിധ മേഖലകളിൽ എടുത്തുപറയാവുന്ന സംഭാവനകൾ നല്‍കാൻ ജി. ഐ. ഒവിന് കഴിഞ്ഞിട്ടുണ്ട്. മുസ്ലിം പെണ്‍കുട്ടികൾ ഉന്നത വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന ഇടപെടലുകൾ, സ്ത്രീപീഡനം, മദ്യം തുടങ്ങിയവയ്‌ക്കെതിരായ കാമ്പയിനുകൾ, കലാ-സാഹിത്യ മേഖലയിലെ ഇടപെടലുകൾ, സ്ത്രീകളുടെ പള്ളിപ്രവേശം, സ്ത്രീസൗഹൃദ സമൂഹനിർമിതി, ഇസ്‌ലാമിക ശരീഅത്ത്, ഇസ്‌ലാമോഫോബിയ തുടങ്ങിയ വിഷയങ്ങളിൽ ഉയർത്തിയ ചർച്ചകളടക്കം നിരവധി സുപ്രധാനമായ അടയാളപ്പെടുത്തലുകൾ ജി. ഐ. ഒ നടത്തിയിട്ടുണ്ട്. സമകാലിക വിഷയങ്ങളിൽ കൃത്യമായി പ്രതികരിച്ചും ആവശ്യമായ ഇടപെടലുകൾ നടത്തിയുമാണ് ജി. ഐ. ഒ മുന്നോട്ട് പോകുന്നത്.

സ്ത്രീ പ്രശ്നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കുന്ന സംഘടനക്ക്, യാഥാസ്ഥിക പൗരോഹിത്യത്തോടും ആണധികാര മേൽക്കോയ്മകളോടുമെല്ലാം കൃത്യമായ മറുപടികളുണ്ട്. ഹിജാബുമായി ബന്ധപ്പെട്ട് നടന്ന അവകാശസമരങ്ങളിലും നിയമപോരാട്ടങ്ങളിലും നീതിയുടെ ഏതറ്റം വരെ പോകാനും അനുകൂല വിധികൾ നേടാനും ജി. ഐ. ഒവിന് സാധിച്ചിട്ടുണ്ട്. സി. എ. എ-എൻ. ആർ. സി പ്രക്ഷോഭകാലത്ത് ജി. ഐ. ഒ വിട്ടുവീഴ്ച്ചയില്ലാത്ത സമര മാർഗങ്ങളുമായി മുന്നിലുണ്ടായിരുന്നു.

സേവന രംഗത്തും ജി. ഐ. ഒവിന്റെ പ്രവർത്തകർ മുന്നിൽ തന്നെയാണ്. പ്രളയം, ഉരുൾപൊട്ടൽ, കോവിഡ് മുതലായ പ്രതിസന്ധിഘട്ടങ്ങളിൽ ശാരീരിക, മാനസിക, സാമ്പത്തിക സേവനങ്ങൾ അർഹർക്ക് ലഭ്യമാക്കിക്കൊണ്ട് ജി. ഐ. ഒ രംഗത്തുണ്ടായിരുന്നു. കൃത്യതയും പിന്തുടർച്ചയുമുള്ള നിരവധി സേവനപ്രവർത്തനങ്ങളും സംഘടനയുടെ ദൈനംദിന ഇടപെടലുകളുടെ ഭാഗമാണ്.

സ്‌ത്രീധനം, ജെൻഡർ ന്യൂട്രാലിറ്റി തുടങ്ങിയ വിഷയങ്ങളിൽ ധാർമികപക്ഷത്ത് നിലകൊള്ളാൻ ജി. ഐ. ഒ എന്നും ശ്രമിച്ചിട്ടുണ്ട്. വർഗീയ-ഫാസിസ്റ്റ് നയങ്ങളോടും, ദലിത്-ന്യൂനപക്ഷ അരികുവൽക്കരണത്തിന് ചുക്കാൻപിടിക്കുന്ന ലിബറൽ- മതേതരനാട്യങ്ങളോടും ഉറക്കെ ശബ്‌ദിക്കാൻ ജി. ഐ. ഒ സജീവശ്രദ്ധ പുലർത്തുന്നു.

അന്യായമായി ഭരണകൂട വേട്ടക്കിരയായവരോടൊപ്പവും അവരുടെ കുടുംബത്തോടൊപ്പവും അണിചേർന്നുകൊണ്ടാണ് കഴിഞ്ഞ കാലങ്ങളത്രയും ജി. ഐ. ഒ സഞ്ചരിച്ചത്. പരിസ്ഥിതി സംരക്ഷണം, ഫലസ്‌തീൻ വിമോചനം, യുദ്ധം, കോർപറൈറ്റ്-സാമ്രാജ്യത്വ അധിനിവേശങ്ങൾക്കെതിരെയൊക്കെയുള്ള സമരങ്ങളിൽ ഉറച്ച ശബ്ദമാണ് ഈ പ്രസ്ഥാനം. നിയമ-സമര ഇടപെടലുകൾ, സേവനം, കരിയർ, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ സംഭാവനകൾ കൊണ്ട് ഇന്ത്യയിലെ സ്ത്രീ മുന്നേറ്റരംഗത്ത് ജി. ഐ. ഒവിന് മികച്ച മാതൃകകൾ സൃഷ്ടിക്കാനായി.

അക്കാദമിക കോൺഫറൻസുകൾ, സെമിനാറുകൾ, സംവാദങ്ങൾ, സിംപോസിയങ്ങൾ, ശിൽപ ശാലകൾ, ഫലസ്തീൻ ഐക്യദാർഢ്യ സംഗമങ്ങൾ, ഫിലിം-ഡോക്യുമെന്ററി പ്രദർശനങ്ങൾ, ആർട്സ് ഫെസ്റ്റുകൾ തുടങ്ങി സർഗാത്മക-ആശയാവിഷ്‌കാരങ്ങളുടെ വേദികൾ സൃഷ്ടിച്ചു. സ്ത്രീ പള്ളിപ്രവേശം, ശരീഅത്ത് വിവാദം, വിവാഹപ്രായം, സ്ത്രീ സൗഹൃദതൊഴിലിടം, സാംസ്‌കാരിക അധിനിവേശം, മദ്യവിരുദ്ധ സമരം, സുഭദ്രകുടുംബം സുസ്ഥിര സമൂഹം, ഇസ്‌ലാമിലെ സ്ത്രീയുടെ മഹത്വം, ശിരോവസ്ത്രം, ലൈംഗികത, സ്‌ത്രീധനം, ഗാർഹിക പീഡനം, സ്ത്രീ സ്വാതന്ത്യം, സ്ത്രീ അവകാശങ്ങൾ, കാമ്പസ് പ്രവർത്തനം, രാഷ്ട്രീയ പ്രതിനിധാനം, സാംസ്കാരിക കലാ മുന്നേറ്റം തുടങ്ങി വ്യത്യസ്ത വിഷയങ്ങളിൽ നിരന്തരം പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. സാമൂഹിക-ആതുര ശുശ്രൂശ രംഗങ്ങളിൽ സേവനങ്ങൾ നൽകുന്നു. പ്രളയം, ഉരുൾപൊട്ടൽ, എൻഡോസൾഫാൻ, അട്ടപ്പാടി ഭൂമി കയ്യേറ്റം തുടങ്ങി മനുഷ്യ നിർമിത ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഇരകളോട് ഐക്യപ്പെടുന്നു. സ്ത്രീധനം, ആർഭാടം, അന്ധവിശ്വാസങ്ങൾ തുടങ്ങിയ സാമൂഹികവിപത്തുകൾക്കെതിരെയും മൂല്യാധിഷ്ഠിതമായി പ്രവർത്തിക്കുന്നു.

2024-ൽ പ്രവർത്തന പഥത്തിൽ നാൽപത് വർഷങ്ങൾ തികച്ച ഈ പ്രസ്ഥാനം വാർഷികവേളയെ സമുചിതമായി ഉപയോഗപ്പെടുത്തി. കേരളത്തിലുടനീളം വ്യാപകമായി മുസ്‌ലിം വിദ്യാർത്ഥിനി-യുവതികളെ അഭിസംബോധന ചെയ്യാനുള്ള അവസരം തുറന്നുകൊണ്ട് നിരവധി ചെറുതും വലുതുമായ പരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. കാസർഗോഡ് മുതൽ കൊച്ചി സിറ്റി വരെയുള്ള ജില്ലകളിൽ ആയിരങ്ങൾ പങ്കെടുത്ത വിദ്യാർത്ഥിനി റാലികളും പൊതുസമ്മേളനങ്ങളും നടന്നു. തെക്കൻ കേരളത്തിലെ ശേഷിക്കുന്ന ജില്ലകളെ ഒരുമിച്ച് അണിനിരത്തിക്കൊണ്ട് തിരുവനന്തപുരം നഗരത്തിൽ വച്ച് ദക്ഷിണകേരള സമ്മേളനവും നടന്നു. ഉന്നയിച്ച വിഷയങ്ങളുടെ പ്രധാന്യവും വൈവിധ്യവും കൊണ്ടും സംഘാടന മികവ് കൊണ്ടും ചരിത്രത്തിൽ ഇടം നേടുന്നവയായി ഓരോ സമ്മേളനങ്ങളും. 2023 ഡിസംബർ മാസത്തിൽ പാലക്കാട് ജില്ലയിൽ വച്ച് നടന്ന ‘ഡിസ്കഴ്സോ മുസ്‌ലിമ’ കാമ്പസ് കോൺഫറൻസും വിഷയ വ്യതിരിക്തതയും പ്രതിഭാസാന്നിധ്യവും സംഘാടനത്തിലെ പ്രൊഫഷണലിസവും കൊണ്ട് വലിയ മാധ്യമ-സമൂഹ ശ്രദ്ധ നേടി. 2 ദിവസങ്ങളിലായി 7 വേദികളിൽ 86 ലധികം പ്രഗത്ഭർ 23 സെഷനുകളിലായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ രണ്ടായിരത്തിലധികം വിദ്യാർത്ഥിനികളോട് സംവദിച്ച ‘ഡിസ്കഴ്സോ മുസ്‌ലിമ’ ഇന്ത്യയിൽ നടക്കുന്ന സമാന സ്വഭാവമുള്ള കോൺഫറൻസുകളെക്കാൾ എല്ലാംകൊണ്ടും ഒരുപടി മേലെയായിരുന്നു.

ജി. ഐ. ഒ ഇക്കഴിഞ്ഞ കാലംകൊണ്ട് നടത്തിയ ഇടപെടലുകള്‍, അവയുടെ പ്രതിധ്വനികൾ, മുസ്ലിം സ്ത്രീ സംഘാടനരംഗത്ത് അത് സാധ്യമാക്കിയ വിജയം, പ്രവർത്തന സംസ്‌കാരം എന്നിവയെല്ലാം മുസ്‌ലിം സ്ത്രീയെക്കുറിച്ച് തെറ്റിദ്ധാരണകൾ ശക്തമായി നിലനിൽക്കുന്ന ലോക സാഹചര്യത്തിൽ കേരളത്തെ സംബന്ധിച്ചേടത്തോളം പുതിയ അനുഭവമായിരുന്നു. ഇത്തരത്തിൽ നാലു പതിറ്റാണ്ടുകൊണ്ട് വലിയ മാറ്റങ്ങൾക്ക് ചാലകശക്തിയായാണ് ജി. ഐ. ഒ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.