സമുദായ നേതൃത്വം ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണം - ജി.ഐ.ഒ സെമിനാര്‍

സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടന്നതിന്‌ പകരം അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും വേണ്ടി അവരെ രംഗത്തിറക്കുന്ന സമുദായ നേതാക്കളുടെ ഇരട്ടത്താപ്പ്‌ അവസാനിപ്പിക്കണമെന്ന്‌ ജ.ഇ കൂടിയാലോചനാസമിതി അംഗം പി.വി റഹ്‌മാബി അഭിപ്രായപ്പെട്ടു. സ്‌ത്രീ, മതം മതേതരത്വം മുസ്‌ലിം സ്‌ത്രീ ഇടപെടുന്നു എന്ന തലക്കെട്ടില്‍ ജി.ഐ.ഒ കേരള സംഘടിപ്പിച്ച സെമിനാര്‍ മലപ്പുറം ടൗണ്‍ ഹാളില്‍ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍. വിദ്യാഭ്യാസ പരമായി സ്‌ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൊണ്ട്‌ വരാന്‍ പരിശ്രമിക്കണമെന്നും മുസ്‌ലിം സ്‌ത്രീയുടെ സ്വത്വം അടിച്ചമര്‍ത്തപ്പെടാന്‍ കാരണം ഇസ്‌ലാമിക മത ചിഹ്നങ്ങളാണെന്ന്‌ വാദിക്കുന്ന മതേതര വാദികളുടെ പൊയ്‌മുഖം തുറന്ന്‌ കാട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു. സെമിനാറില്‍ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി. റുക്‌സാന മുഖ്യപ്രഭാഷണം നടത്തി. വിവാഹപ്രായം പതിനാറോ പതിനെട്ടോ എന്ന്‌ ചര്‍ച്ച ചെയ്‌ത്‌ സമയം പഴിക്കുന്നതിന്‌ പകരം നീ വായിക്കുക എന്ന ആഹ്വാനത്തോടെ അവതരിച്ച ഖുര്‍ആനിനെ ഉള്‍ക്കൊണ്ട്‌ പെണ്‍കുട്ടിയെ വിദ്യ കരസ്ഥമാക്കാന്‍ പ്രാപ്‌തയാക്കുകയാണ്‌ വേണ്ടത്‌ എന്നും ഇനി പതിനാറിലോ പതിനേഴിലോ വിവാഹം നടക്കുന്നത്‌ കേവലം മുസ്‌ലിം സമുദായത്തില്‍ മാത്രമല്ല പിന്നോക്ക ദരിദ്ര മേഖലയിലുള്ള എല്ലാമതങ്ങളിലും ഉണ്ട്‌ എന്ന്‌ അവര്‍ അഭിപ്രായപ്പെട്ടു. ജനാധിപത്യ രാഷ്‌ട്രത്തില്‍ ജീവിക്കുന്ന നമുക്ക്‌ ഏത്‌ മതത്തിലും വിശ്വാസിക്കാനുള്ള അവകാശമുണ്ട്‌. ഒരു മതത്തില്‍ വിശ്വസിക്കുന്നു എന്നത്‌ മറ്റൊരു മതം തീവ്രവാദമാണ്‌ എന്ന്‌ വിശ്വാസിക്കുന്നതു തെറ്റാണ്‌. സ്‌ത്രീകള്‍ക്ക്‌ കൂടുതല്‍ അവകാശങ്ങള്‍ നല്‍കിയ മതം ഇസ്‌ലാമാണ്‌. ഒരിക്കലും പര്‍ദ്ദധരിക്കുന്നത്‌ കൊണ്ട്‌ സമൂഹത്തില്‍ അവരെ തരം താഴ്‌ത്തേണ്ടതില്ലെന്ന്‌ സെമിനാറില്‍ പങ്കെടുത്ത്‌ കൊണ്ട്‌ സംസാരിച്ച ഡോ: എം.ജെ.എസ്‌ മല്ലിക പറഞ്ഞു. ഇന്ത്യയില്‍ 47% ശൈശവ വിവാഹങ്ങള്‍ നടക്കുന്നുണ്ട്‌. ഇത്‌ മുഴുവനും മുസ്‌ലിം സമുദായത്തിലല്ല , എല്ലാ മതത്തിലും നടക്കുന്നതാണ്‌. അതുകൊണ്ട്‌ ഇസ്‌ലാമിനെ മാത്രം പറയാന്‍ അവകാശമില്ല എന്നും, സാമ്രാജ്യത്വ ശക്തികള്‍ കടന്ന്‌ വന്നതോടു കൂടി രാജ്യത്ത്‌ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശൈശവ വിവാഹ നിരോധനങ്ങളില്‍ 107 രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ ഇന്ത്യാരാജ്യം എന്ത്‌ കൊണ്ട്‌ എതിര്‍ത്തില്ല. മുസ്‌ലിം സമുദായത്തോടുള്ള സ്‌നേഹമാണോ അതോ ഇന്ത്യയില്‍ എല്ലാ മതസ്ഥര്‍ക്കുമിടയില്‍ അത്തരം ഒരു വ്യവസ്ഥ നിലനില്‍ക്കുന്നതിന്‌ തെളിവല്ലേ എന്നും ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിച്ച ജ.ഇ വനിതാവിഭാഗം സംസാഥാന സമിതി അംഗം പി.ലൈല അഭിപ്രായപ്പെട്ടു. ഇസ്‌ലാം പെണ്ണിന്‌ നല്‍കിയ അവകാശങ്ങളും സ്ഥാനങ്ങളും നിഷേധിക്കാന്‍ ഒരു പൗരോഹിത്യത്തിനും സാധ്യമല്ല എന്നും പെണ്ണിന്റെ അവകാശങ്ങള്‍ക്ക്‌ വേണ്ടി പോരാടാന്‍ വിവാഹ പ്രായത്തില്‍ മാത്രം ചുറ്റിനില്‍ക്കാതെ അവളുടെ പഠന മേഖലയെ ഉയര്‍ത്തികൊണ്ട്‌ വരാനും അവകാശങ്ങളും സ്വാതന്ത്ര്യവും നേടിയെടുക്കാനും ജി.ഐ.ഒ പരിശ്രമിക്കുമെന്ന്‌ സമാപനം കുറിച്ച്‌ കൊണ്ട്‌ സംസാരിച്ച ജി.ഐ.ഒ മുന്‍സംസ്ഥാന പ്രസിഡന്റ്‌ കെ.കെ. റഹീന പറഞ്ഞു. സെമിനാറില്‍ ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സൗദ അധ്യക്ഷത വഹിച്ചു. കോഴിക്കോട്‌ ജില്ലാസമിതിയംഗം മുഹ്‌സിന കല്ലായ്‌ വിഷയാവതരണം നടത്തി. ജി.ഐ.ഒ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഹബീബ റസാഖ്‌ സ്വാഗതവും സെക്രട്ടറി ഷെറീന നന്ദിയും പറഞ്ഞു.
Share:

Tags:State News