ഖുര്‍ആന്‍ തജ്‌വീദിലെ സ്വരമാധുരി

ലോകകവിതകളില്‍ അറബിക്കവിതയുടെ മാധുര്യം അനിര്‍വചനീയമാണ്. ആന്തര സ്വരവ്യതിയാനത്തിലൂടെ 300 വ്യത്യസ്ത രൂപങ്ങളില്‍ സംയോജിപ്പിക്കാന്‍ കഴിയാവുന്ന വ്യജ്ഞനത്രയമൂല ധാതുക്കള്‍ കൊണ്ട് അനുഗൃഹീതമാണ് അറബിഭാഷ. അറബിക്കവിതകളുടെ ഈ മാസ്മരികതയെ വെല്ലുവിളിക്കാവുന്ന ആന്തരചോദനകള്‍ നിറഞ്ഞതാണ് വിശുദ്ധ ഖുര്‍ആന്‍. ഖുര്‍ആനിലെ ചില സാങ്കേതിക ക്രിയകളും പദങ്ങളും സ്ഥാന പദവികളുള്ളവയാണ്. ചിലേടത്ത് പോസിറ്റിവും മറ്റു ചിലേടത്ത് അത് നെഗറ്റീവായും പ്രയോഗിക്കപ്പെടുന്നു. ഖുര്‍ആന്‍ തജ്‌വീദ് സങ്കേതങ്ങള്‍ അതിനാല്‍ വിപുലവുമാണ്. തജ്‌വീദിന്റെ ഈ ബഹുമുഖശ്രേണിയില്‍ പെണ്‍കുട്ടികള്‍ കയറിനില്‍ക്കുക എന്ന അത്യപൂര്‍വമായ ഒരനുഭവമാണ് ജി.ഐ.ഒ കേരള സംഘടിപ്പിച്ച തര്‍തീല്‍.

പെണ്‍കുട്ടികള്‍ ഖുര്‍ആന്‍ തജ്‌വീദിന്റെ സാങ്കേതിക ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് പൊതുസമൂഹത്തിനു മുന്നില്‍ പാരായണത്തില്‍ മത്സരിക്കുകയായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ അറബിക് കലോത്സവത്തില്‍ അഞ്ചുമിനിറ്റു നീളുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ പോലും ആണ്‍കുട്ടികള്‍ മേധാവിത്വം പുലര്‍ത്തുന്ന നാട്ടില്‍, 1500 ഓളം പെണ്‍കൊടികളാണ് തര്‍തീല്‍'2014 ല്‍ വിവിധ ജില്ലകളില്‍ മത്സരിച്ചത്. കണ്ണൂരില്‍ ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ നടന്ന അതിന്റെ ഫൈനല്‍ - മെഗാഫൈനല്‍ അക്ഷരാര്‍ഥത്തില്‍ വചനസാഗരമായി മാറി.

അറബിക് കോളേജില്‍ നിന്നുള്ള മിടുക്കന്മാര്‍ക്ക് വഴങ്ങുന്ന ഖുര്‍ആനിന്റെ തജ്‌വീദ് ശ്രേണിയുടെ എല്ലാ കടമ്പകളും താണ്ടി നീങ്ങുന്നതായിരുന്നു ഈ മത്സരം. പങ്കെടുത്ത പെണ്‍കുട്ടികളിലേറെയും പ്രൊഫഷണല്‍ - ആര്‍ട്‌സ് കോളേജുകളിലെ ബിരുദ - ബിരുദാനന്തരക്കാരും. ഭൗതിക വിദ്യാഭ്യാസം നല്‍കാന്‍ പെണ്‍കുട്ടികളെ പുറത്തിറക്കുന്നതു പോലും നിയന്ത്രിക്കപ്പെട്ട ഗതകാലനുഭവം മുന്നില്‍ വെച്ചാല്‍ ഭൗതിക വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളുടെ ഈ തജ്‌വീദ് വൈദഗ്ധ്യം ഒരത്ഭുതം തന്നെയായിരുന്നു.

ഖുര്‍ആന്‍ ഈരടികള്‍ മണിക്കൂറോളം ഒരേ നില്‍പ്പില്‍ ശ്രവിച്ച കണ്ണൂര്‍ ജില്ലാ ബാങ്ക് ഓഡിറ്റോറിയത്തിലെ നിറഞ്ഞ ശ്രോതാക്കളുടെ തൃഷ്ണയും ശ്രദ്ധേയമാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നതും അത് ശ്രവണമധുരമാക്കുന്നതും ശ്രവിക്കുന്നതും പുണ്യമാണ്. എന്നാല്‍, ഈ പുണ്യത്തോടൊപ്പം ഇസ്‌ലാമിക സൗന്ദര്യാനുരാഗത്തിന്റെ മൂല്യശക്തി കൂടി ഉയര്‍ന്നു നില്‍ക്കുകയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും നടന്ന മത്സരത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 34 പേര്‍ ഫൈനലില്‍ ചേംബര്‍ ഹാളിലും മെഗാഫൈനലില്‍ എത്തിയ പത്ത് പേര്‍ രണ്ടാം ദിവസം ജില്ലാ ബാങ്ക്ഹാളിലും മത്സരിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി പെണ്‍കുട്ടികളും ഈ മത്സരത്തില്‍ സംബന്ധിച്ചു. മത്സരിക്കാന്‍ ഇത്രയും പേര്‍ വന്നതില്‍ നിന്നും തജ്‌വീദ് അറിഞ്ഞ് പാരായണം ചെയ്യുന്ന പെണ്‍കുട്ടികളും എണ്ണം എത്രയോ മടങ്ങ് വെറെയുണ്ടെന്നുറപ്പ്. മെഗാഫൈനല്‍ ജൂറിമാരില്‍ ഒരാളായ കര്‍ണാടക സ്വദേശി മുഹമ്മദലി ഇതേക്കുറിച്ച് തന്റെ വിസ്മയം സദസ്സില്‍ പങ്കുവെച്ചു. എന്റെ നട്ടിലൊങ്ങും സ്ത്രീകള്‍ ഇത്ര ഭംഗിയോടെ ഖുര്‍ആന്‍ പാരായണം ചെയ്യാറില്ല എന്നും അദ്ദേഹം തുറന്നു പറഞ്ഞു.

പെണ്‍കുട്ടികളുടെ ഈ മികവാര്‍ന്ന തള്ളിക്കയറ്റം കണ്ട് ജൂറിമാര്‍ ഒരുകാര്യം കൂടി തുറന്നു പറഞ്ഞു. ഇന്ത്യയില്‍ ഇനി ഖുര്‍ആന്‍ കലോത്സവ വേദികളിലെ ജൂറിമാരില്‍ കേരളത്തില്‍ നിന്ന് സ്ത്രീവിധികര്‍ത്താക്കളും ഉയര്‍ന്നുവരുന്ന കാലം വിദൂരമല്ലെന്ന്.

ശാസ്ത്രീയ സംഗീതത്തിന്റെ സരിഗമശീലുകളെ തജ്‌വീദ് ശ്രാവ്യശ്രേണിയോടു സംയോജിപ്പിക്കുന്ന മധുരിതമായ ശബ്ദങ്ങള്‍ പാരായണ വേദിയില്‍ ഉയര്‍ന്നുവെന്നതാണ് വിധികര്‍ത്താക്കളെ സന്തോഷിപ്പിക്കുന്ന മറ്റൊരു കാര്യം. ശാസ്ത്രീയ സംഗീതം വശമാക്കിയവര്‍ക്ക് ഖുര്‍ആന്‍ തജ്‌വീദില്‍ പുതിയ ശീലുകള്‍ സമ്മാനിക്കാനാവും. അത് ഏറെ ആസ്വാദ്യകരവുമാണ്.

ഇസ്‌ലാമിക കലയുടെ വൈവിധ്യത സാഗരസമാനമാണ്. ലോകവ്യാപിയായ മൂല്യം അതിലുണ്ട്. സ്ഥലകാലങ്ങളെ ഉള്‍ക്കൊള്ളാന്‍ കെല്‍പുണ്ടതിന്. സെമിറ്റിക് മതവേരുകളില്‍ ഉയര്‍ന്നുനിന്ന കലാവൈവിധ്യതകളെ സ്വന്തം മൂശയില്‍ വാര്‍ത്തെടുത്ത ചരിത്രമാണതിന്റേത്. അറ്റ്‌ലാന്റിക്കിന്റെ പൂര്‍വതീരങ്ങള്‍ മുതല്‍ ശാന്തസമുദ്രത്തിന്റെ പശ്ചിമതീരങ്ങള്‍ വരെയുള്ള എല്ലാ വൈവിധ്യതകളും അതുള്‍ക്കൊണ്ടു. എല്ലാ ഇസ്‌ലാമിക കലകളും ഖുര്‍ആന്റെയും ഹദീസിന്റെയും ജ്ഞാനനിര്‍ഭരമായ മൂലകങ്ങളില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ സ്ഥലകാല ശീലങ്ങളെല്ലാം ഈ മൂശയില്‍ അലിഞ്ഞു ചേര്‍ന്നു. യുക്തിയോ ബോധമോ എന്നതിനപ്പുറം പ്രജ്ഞയും അന്ത:പ്രജ്ഞയും ചേര്‍ന്ന ഒരു തരം ദാര്‍ശനിക സിദ്ധി, അഥവാ പ്രപഞ്ചനാഥനോടുള്ള പ്രേമത്തിലധിഷ്ഠിതമായ സംവേദനം, അതാണ് ഖുര്‍ആന്‍ പാരായണ സദസ്സുകളില്‍ ദൃശ്യമായത്.

ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ് പാരായണം ചെയ്യുമ്പോഴുള്ള പദങ്ങളുടെ ഗാംഭീര്യം വിഷയാധിഷ്ഠിത താളത്തില്‍ ഒഴുകിപ്പരക്കുന്നത് മത്സരത്തില്‍ പങ്കെടുത്ത ചില കുട്ടികളുടെ പ്രത്യേകതയായി വിധികര്‍ത്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘമായ പാരായണ സമയത്തിനുള്ളിലും ശബ്ദത്തിന്റെ ചാരുത ചോര്‍ന്നുപോകാതെ സൂക്ഷിച്ച പെണ്‍കുട്ടികളുടെ മുന്നില്‍ ഒരു വിധികര്‍ത്താവ് ഇങ്ങനെയാണ് പ്രതികരിച്ചത്. 'നിങ്ങളുടെ ഈ ഗാംഭീര്യത്തിനു മുന്നില്‍ ഞങ്ങള്‍ തോറ്റു പോകുന്നു. നിങ്ങള്‍ ഇത്രത്തോളം ഞങ്ങളെ പിന്നിലാക്കുമെങ്കില്‍ ഇവിടെ വരില്ലായിരുന്നു!'

സി.കെ. ജബ്ബാര്‍