തര്‍തീലിന്റെ പ്രസക്തി

കേരളത്തിലെന്നല്ല, ഇന്ത്യയില്‍ തന്നെ ആദ്യമായി മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കപ്പെട്ട ഖുര്‍ആന്‍ പാരായണ മത്സരമായിരുന്നു തര്‍തീല്‍. 2012 ല്‍ നടത്തിയ തരര്‍തീല്‍ '12 ന്റെ തുടര്‍ച്ചയെന്നോണമാണ് ജി.ഐ.ഒ കേരള തര്‍തീല്‍'14 സംഘടിപ്പിച്ചത്.

ഖുര്‍ആനിന്റെ മാസ്മരികതയും അനിര്‍വചനീയമായ ആകര്‍ഷണീയതയും അനുഭവിച്ചറിഞ്ഞവര്‍ക്ക് അത് മറക്കാനാവാത്ത നിമിഷങ്ങളായിരിക്കും. പള്ളി മിമ്പറുകളില്‍ ഇമാമുമാരുടെ ഖുര്‍ആന്‍ പാരായണ ശീലുകള്‍ നമസ്‌കാരത്തെ ഭക്തി സാന്ദ്രമാക്കുന്നു. ഇവിടെയാണ് ജി.ഐ.ഒ കേരള പെണ്‍കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിച്ച തര്‍തീലിന്റെ പ്രസക്തി. വീടകങ്ങളില്‍ മാതാവിന്റെ മധുരമായ ഖുര്‍ആന്‍ പാരായണം ശ്രവിച്ച് കൊണ്ട് വളരുന്ന മക്കള്‍ക്ക് വിശുദ്ധ വേദഗ്രന്ഥത്തിലേക്ക് അടുക്കാനുള്ള ആദ്യപടിയാണത്. ഖുര്‍ആന്‍ പാരായണത്തിന്റെ ഭക്തി സാന്ദ്രതക്ക് ആക്കം കൂടണമെങ്കില്‍ അതിന്റെ അര്‍ഥതലങ്ങളിലേക്ക് വിശ്വാസി ഇറങ്ങിച്ചെല്ലേണ്ടതുണ്ട്. പാരായണ വേളയില്‍ കരയുകയും ചിരിക്കുകയും ചെയ്യുന്നവരാണ് വിശ്വാസികള്‍ എന്ന് പ്രവാചകന്‍ (സ) പറയാന്‍ കാരണവും ഇതാണ്. പാരായണ മത്സരത്തിനു പുറമേ സൂറത്തുന്നൂര്‍ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും തര്‍തീല്‍'14 ല്‍ ഉള്‍ച്ചേര്‍ത്തത് ഈയടിസ്ഥാനത്തിലാണ്.

പ്രൈമറി സെക്കന്ററി, ഫൈനല്‍തല മത്സരങ്ങളില്‍ ഘട്ടം ഘട്ടമായാണ് സൂറത്തുന്നൂര്‍ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്ന് 116 പ്രൈമറിതല സെന്ററുകളില്‍ വെച്ച് നടന്ന മത്സരത്തില്‍ നിന്നും വിജയികളായ മൂന്ന് സ്ഥാനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ഓരോ ജില്ലകളിലും 18 സെന്ററുകളിലായ് 300 മത്സരരാര്‍ഥിളെ പങ്കെടുപ്പിച്ച് കൊണ്ട് സെക്കന്ററിതല മത്സരവും നടന്നു. ഇവിടെ നിന്നും വിജയികളായ ആദ്യത്തെ രണ്ടു സ്ഥാനക്കാരെ പങ്കെടുപ്പിച്ചു കൊണ്ട് ഫൈനല്‍ മത്സരം കണ്ണൂര്‍ ചേംബര്‍ ഹാളില്‍ വെച്ച് നടന്നു. കേരളത്തിനു പുറമേ ബാംഗ്ലൂര്‍, ഡല്‍ഹി, സൗദി അറേബ്യ, ഒമാന്‍ എന്നിവിടങ്ങളിലേക്കും തര്‍തീലിനെ വ്യാപിപ്പിക്കാന്‍ സാധിച്ചു. 1700 ഓളം മത്സരാര്‍ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ തര്‍തീല്‍ ഖുര്‍ആനുമായുള്ള ബന്ധത്തെ പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ജി.ഐ.ഒവിന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു. അതിന്റെ ദൃശ്യാവിഷ്‌കാരങ്ങളിലേക്കുള്ള ഒരു കാല്‍വെപ്പ് കൂടി തര്‍തീല്‍'14 പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. അതാണ് തര്‍തീല്‍ എക്‌സ്‌പോ കോര്‍ണര്‍. ഉള്ളം കൈയ്യില്‍ ഒതുങ്ങുന്ന ഖുര്‍ആന്‍ മുതല്‍ ഒറ്റപേജില്‍ ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും ഉള്‍കൊള്ളുന്ന വിശുദ്ധ ഖുര്‍ആനിന്റെ വിവിധ മോഡലുകള്‍, വിവിധ ലോക ഭാഷകളിലുള്ള ഖുര്‍ആന്‍ പ്രതികള്‍, വേദ ഗ്രന്ഥത്തിന്റെ അപൂര്‍വ ശേഖരങ്ങള്‍, ഖുര്‍ആന്‍ സൂക്തങ്ങളെഴുതിയ പത്രങ്ങള്‍, അന്ധര്‍ക്ക് വേണ്ടി ബ്രയിന്‍ ലിപിയില്‍ എഴുതിയ ഗ്രന്ഥം, വിവിധ പരിഭാഷകള്‍, കേരളത്തിലെ ഏറ്റവും പഴക്കമേറിയ ഖുര്‍ആന്‍ അച്ചടിച്ച കല്ലുകള്‍, ഉത്തര്‍ പ്രദേശിലെ റാംപൂര്‍ ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന അത്യപൂര്‍വ്വ ഖുര്‍ആന്‍ കൈയ്യെഴുത്ത് കോപ്പികള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

ആത്മീയ ഔന്നത്യമാണ് ഒരു മനുഷ്യന്റെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ജി.ഐ.ഒ വിശ്വസിക്കുന്നു. അതിലേക്കുള്ള പ്രയാണം സാധ്യമാക്കുന്നതാവട്ടെ വിശുദ്ധ ഖുര്‍ആനുമായുള്ള മനുഷ്യന്റെ അടുപ്പവും. അത് തെളിയിക്കുന്നതായിരുന്നു തര്‍തീല്‍ '14 ന്റെ മെഗാഫൈനല്‍ മത്സരം ശ്രവിക്കാനെത്തിയ സദസ്സിന്റെ മധുരമായ നിശ്ശബ്ദത..... സ്റ്റേജില്‍ നിന്നുയരുന്ന ഖുര്‍ആന്‍ പാരായണത്തിന്റെ ഗാംഭീര്യം ഹൃദയം കൊണ്ടേറ്റു വാങ്ങി ആത്മീയ നിര്‍വൃതിയിലാഴ്ന്ന സദസ്സ്..................

പി. റുക്‌സാന (പ്രസിഡന്റ് ജി.ഐ.ഒ കേരള)