GIO Kerala

തിബ്’യാൻ ’25 : അമൽ സകരിയ ഒന്നാമത്

തിരൂർ : ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ, കേരള സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച തിബ്’യാൻ പ്രസന്റേഷൻ മത്സരത്തിലെ വിജയികളെ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി മുജീബുറഹ്മാൻ പ്രഖ്യാപിച്ചു. ടി. ഐ. സി സെക്കൻഡറി സ്കൂളിൽ നടന്ന മത്സരത്തിൽ സംസ്ഥാനത്തെ 13 ഇസ്‌ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികൾ പങ്കെടുത്തു. ‘ഖുർആനിന്റെ ദൈവികത ‘ മത്സരത്തിൽ ശാന്തപുരം അൽ ജാമിഅ അൽ ഇസ്‌ലാമിയ വിദ്യാർത്ഥിനി അമൽ സകരിയ ഒന്നാം സ്ഥാനം നേടി. ഉളിയിൽ ഐഡിയൽ അറബിക് കോളേജ് വിദ്യാർത്ഥിനി കെ ഫാത്തിമ റന, കൊപ്പം മർയം ഗേൾസ് കാമ്പസ് വിദ്യാർത്ഥിനി സയ്യിദത്ത് ഫാത്തിമ ഹിബ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

ഫലസ്തീൻ അനുകൂല പ്രകടനം; കണ്ണൂരിൽ ജി.ഐ.ഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്

കണ്ണൂർ: ഫലസ്തീൻ അനുകൂല പ്രകടനം നടത്തിയതിന് കേസെടുത്ത് പൊലീസ്. കണ്ണൂർ മാടായിപ്പാറയിൽ പ്രകടനം നടത്തിയ ജിഐഒ (ഗേൾസ് ഇസ്‌ലാമിക് ഓർഗനൈസേഷൻ) പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. സമൂഹത്തിൽ സ്പർധ ഉണ്ടാക്കണമെന്ന ഉദേശത്തോടെയാണ് പ്രകടനം നടത്തിയതെന്ന് എഫ്ഐആറിൽ ആരോപണം. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്. പ്രകടനം ചില സംഘടനയിൽ പെട്ട ആളുകൾക്ക് എതിർപ്പുള്ളതായി പൊലീസിന് വിശ്വാസയോഗ്യമായ വിവരം ലഭിച്ചിട്ടുണ്ടെന്നും എഫ്‌ഐആറിൽ പറയുന്നു. എന്നാൽ ഏത് സംഘടനയാണ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. കേരള ഹൈക്കോടതിയുടെ പാരിസ്ഥിതിക സംരക്ഷണം സംബന്ധിച്ച് ഉത്തരവുള്ള മാടായിപ്പാറയിൽ യാതൊരു അനുമതിയുമില്ലാതെയാണ് പ്രകടനം നടത്തിയെന്നും എഫ്‌ഐആറിൽ പറയുന്നു.

Shifana Binth Zubair Writes..

കഴിഞ്ഞ ദിവസം (സെപ്തംബർ 05 വെള്ളിയാഴ്ച) GIO വിന്റെ പ്രവർത്തകർ കണ്ണൂർ മാടായിപാറയിൽ നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കെതിരെ കേരള പോലീസ് കേസെടുത്തിരിക്കുകയാണ്. മാടായിപ്പാറയിൽ ഗതാഗത തടസ്സം സൃഷ്ടിക്കുകയോ ജനങ്ങൾക്ക് ദ്രോഹമുണ്ടാക്കുകയോ ചെയ്യാതെ നടത്തിയ ഒരു പ്രകടനത്തിനെതിരെ കേസെടുത്തതിന്റെ യുക്തിയും ന്യായവും മനസ്സിലാവുന്നില്ല. ഇസ്രായേൽ നടത്തുന്ന ക്രൂരമായ വംശഹത്യക്കെതിരെയും അധിനിവേശത്തിനെതിരെയും ലോകം മുഴുവൻ പ്രതിഷേധങ്ങൾ നടന്നു കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് കേരള പോലീസിന്റെ ഇത്തരമൊരു സമീപനം.RSS നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളെ മുഖമുദ്രയാക്കി കേരള പോലീസ് ഫലസ്തീൻ അനുകൂല പ്രകടനത്തിന് നേരെ പരാതി ലഭിക്കുമ്പോൾ തന്നെ കേസെടുക്കുന്നത് സംശയാസ്പദമാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ലോകത്തെ മുഴുവൻ മനുഷ്യരും കേരളവും ഫലസ്തീനോടൊപ്പമാണ്. ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷനും ഫലസ്തീനിന്റെ കൂടെ തന്നെയാണ്.ഫലസ്തീൻ ജനതക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരുന്നതോടൊപ്പം ഇത്തരം കേസുകളെ നിയമപരമായി നേരിടാൻ തന്നെയാണ് ജി. ഐ. ഒവിന്റെ തീരുമാനം.

വഖഫ് നിയമ ഭേദഗതി: പ്രതിഷേധറാലി

വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ’മുസ്‌ലിം വംശഹത്യാപദ്ധതിയായ വഖഫ് ഭേദഗതി നിയമം പിൻവലിക്കുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് ജി ഐ ഒ കേരള 2025 ഏപ്രിൽ 13 ന് കോഴിക്കോട് ബീച്ചിൽ വച്ച് റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. 800-ഓളം വിദ്യാർത്ഥിനി – യുവതികൾ അണിനിരന്ന പ്രക്ഷോഭ പരിപാടി വലിയ ശ്രദ്ധ നേടി. സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ അംബിക മറുവാക്ക്. അഡ്വ അനൂപ് വി ആർ, ബാബുരാജ് ഭഗവതി, വിമൻ ജസ്‌റ്റിസ് മൂറിമെന്റ് കേരള ജന. സെക്രട്ടറി ഫസ്‌ന മിയാൻ, ജമാഅത്തെ ഇസ്‌ലാമി കേരള വനിതാ വിഭാഗം ജന. സെക്രട്ടറി കെ ടി നസീമ, സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റ് സംസ്‌ഥാന പ്രസിഡണ്ട് തൗഫീഖ് മമ്പാട്, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്‌ഥാന പ്രസിഡണ്ട് നഈം ഗഫൂർ, എസ്. ഐ. ഒ കേരള സംസ്‌ഥാന പ്രസിഡണ്ട് അഡ്വ അബ്ദുൽ വാഹിദ്, ജമാഅത്തെ ഇസ്‌ലാമി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഫൈസൽ പൈങ്ങോട്ടായി, എന്നിവർ പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രതിഷേധ സംഗമത്തിൽ വഖഫ് ഭേദഗതി നിയമത്തിനെതിരെ ബാനർ ഉയർത്തുകയും പ്രതിഷേധ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്‌തു.  

മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള എഐ വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജി.ഐ.ഒ

കോഴിക്കോട്: മുസ്​ലിം സ്​ത്രീകൾക്കെതിരെയുള്ള  എഐ  വെറുപ്പ് ഇസ്‌ലാമോഫോബിയയുടെ തുടർച്ചയാണെന്ന് ജിഐഒ. എഐ ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിച്ചത് യഥാർഥത്തിൽ മുസ്‌ലിം സ്ത്രീകളുടെ അഭിമാനത്തെ നശിപ്പിക്കാനുള്ള ശ്രമങ്ങളാണെന്ന് ജിഐഒ സംസ്ഥാന പ്രസിഡന്റ് ഷിഫാന ബിന്ദ് സുബൈർ ഫേസ്ബുക്കിൽ കുറിച്ചു. ‘മുസ്‌ലിംകളെ അപരവൽക്കരിക്കാനുള്ള ഹിന്ദുത്വ പ്രചാരണത്തിന്റെ ഭാഗമാണ് ഇതെല്ലാം. സ്ത്രീകളുടെ ജീവിതത്തിനും തിരഞ്ഞെടുപ്പിനും എപ്പോഴും നിയന്ത്രണമുണ്ടാക്കുക എന്നതിന്റെ തുടർച്ചയാണ് ഈ സംഭവവും. എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പുതിയ രീതിയിലുള്ള വെറുപ്പുൽപാദനം കൂടുതൽ അപകടകരമാണ്. കഴിഞ്ഞകാലത്തോളം ഇസ്‌ലാമോഫോബിയയെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘ്പരിവാറിൻ്റെ വിഭജന രാഷ്ട്രീയത്തിന്റെ ഭാഗമാണിതെന്നും’ ഷിഫാന ചൂണ്ടിക്കാട്ടി. 0 Facebook 0 Twitter 0 Linkedin 0 Whatsapp

ഇഫ്താർ സം​ഗമം സംഘടിപ്പിച്ചു.

ജി.ഐ.ഒ ഇഫ്താർ സംഗമം കോഴിക്കോട്: ഗേൾസ് ഇസ്ല‌ാമിക് ഓർഗനൈസേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാനും സ്ത്രീ സൗഹൃദ സമുഹനിർമിതി സാധ്യമാക്കാനും സമൂഹത്തിന്റെ വ്യത്യസ്തമേഖലകളിൽ കഴിവ് തെളിയിച്ച സ്ത്രീകളുടെ സൗഹൃദ കൂട്ടായ്മകൾക്ക് സാധിക്കേണ്ടതുണ്ടെന്ന് ജി.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് കെ. ഷിഫാന പറഞ്ഞു. പരിപാടിയിൽ, ഷിദ ജഗത്, ജിൽസി ജയരാജ്, എം.കെ. സുഹൈല, സോഫിയ ബിന്ദ്, ചന്ദ്രിക കൊയിലാണ്ടി, ഡോ. ഹെന്ന, ഡോ. അമൽ, നസീഹ കള്ളിയത്, മുസ്‌ഫിറ, തസ്‌നി നുറ, നൂർജഹാൻ, അസ്ത, ജിദ മനൽ, പി.പി. നാജിയ, ഫഹ്‌മി ഫറിയാൽ, അഫ്ര ശിഹാബ്, മുബഷിറ തുടങ്ങിയവർ സംസാരിച്ചു.

നിയമ വഴികളിലൂടെ

സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളിൽ അവസരോചിതമായ ഇടപെടലുകൾ നടത്താൻ ജി.ഐ.ഒ.വിന് സാധിച്ചിട്ടുണ്ട്. നിയമപോരാട്ടങ്ങൾ അതിൽ എടുത്തുപറയേണ്ടതാണ്. മുസ്‌ലിം വിദ്വേഷത്തിൻ്റയും ഇസ്‌ലാംഭീതിയുടെയും പ്രചാരണത്തിനായി ഇറങ്ങിയ പ്രൊപഗാണ്ടാ സിനിമയായ ദി കേരള സ്റ്റോറി ക്കെതിരെ ഹൈക്കോടതിയിൽ ജി.ഐ.ഒ. കേസ് കൊടുത്തു. ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് ഏറ്റവുമധികം നിയമപോരാട്ടങ്ങൾ നടത്തിയ പ്രസ്ഥാനം കൂടെയാണ് ജി ഐ ഒ കേരള. നീറ്റ് മത്സരപരീക്ഷയിലെ വ്യത്യസ്ത സമയങ്ങളിലെ ഹിജാബ് വിലക്ക്, കർണാടക ഹിജാബ് നിരോധനം, കേരളത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിലെ ഹിജാബ് വിലക്ക്, തുടങ്ങിയവയിൽ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കം സമഗ്രമായ നിയമ ഇടപെടലുകൾ ജി ഐ ഒ കേരള നടത്തിയിട്ടുണ്ട്.