കൗമാരത്തിന് കരുത്തായി പ്രോട്ടീന്‍'14

ഈ വേനലവധിക്കാലത്ത് കൗമാരത്തിന് ഊര്‍ജ്ജം പകരാന്‍ ജി.ഐ.ഒ സംഘടിപ്പിച്ച പ്രോട്ടീന്‍ '14 വൈവിധ്യങ്ങളായ പരിപാടികള്‍ കൊണ്ടും പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. പ്രോട്ടീന്‍'14 എന്ന തലക്കെട്ടില്‍ കേരളത്തിലെ 13 ജില്ലകളില്‍ വെച്ച് നടന്ന ടീന്‍സ് മീറ്റുകള്‍ പെണ്‍കുട്ടികള്‍ക്ക് ആത്മീയവും ഭൗതികവുമായ ഉര്‍ജ്ജവും ഉന്മേഷവും പകരുന്നതായിരുന്നു. ഓരോ ജില്ലകളിലേയും ജില്ലാസമിതിയുടെ മേല്‍നോട്ടത്തിലാണ് 'പ്രോട്ടീന്‍ '14' സംഘടിപ്പിക്കപ്പെട്ടത്.

കാലഘട്ടത്തിനനുയോജ്യമായ വിവിധ കാലികപ്രസക്തിയുള്ള വിഷയങ്ങള്‍ അവതരിപ്പിച്ചും ചര്‍ച്ച ചെയ്തും ചോദ്യോത്തരപയറ്റ് നടത്തിയും വിനോദയാത്രകള്‍ സംഘടിപ്പിച്ചും പുതിയ തലമുറയെ കാലഘട്ടം ആവശ്യപ്പെടുന്ന വ്യക്തിത്വങ്ങളായി ഉയര്‍ത്താനുള്ള ശ്രമമായിരുന്നു ജി.ഐ.ഒ ടീന്‍സ് മീറ്റുകള്‍. കേരളത്തിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സജീവസാന്നിധ്യം ക്യാമ്പിന് കൂടുതല്‍ കരുത്ത് പകര്‍ന്നു. സമൂഹത്തില്‍ സ്ത്രീ അടിച്ചമര്‍ത്തപ്പെടേണ്ടവളല്ലെന്നും, അവളുടെ കഴിവുകളെയും പദവികളെയും സ്ത്രീ സ്വാതന്ത്ര്യത്തെയും ആരും തന്നെ നിഷിദ്ധമാക്കിയിട്ടില്ലെന്നും അവളുടെ കഴിവുകള്‍ വെളിച്ചത്ത് കൊണ്ട് വരണമെന്നും ഉദാത്ത വ്യക്തിത്വങ്ങളെയാണ് സമൂഹത്തിനാവശ്യമെന്നും ഓരോ ക്യാമ്പുകളും വിളിച്ചോതി.

വിവിധ സ്ഥലങ്ങളിലായി നടന്ന ക്യാമ്പില്‍ ഖുര്‍ആന്‍ പഠനം, ഹദീസ്, കര്‍മ്മശാസ്ത്രം, തൗഹീദ്, ഇസ്‌ലാമിക ചരിത്രം, വ്യക്തിത്വവികസനം, കരിയര്‍ ഗൈഡന്‍സ്, സംവാദം, ആരോഗ്യപഠനക്ലാസ്, യോഗ പരിശീലനം, ഫസ്റ്റ് ഐഡ് ട്രൈനിംഗ്, ചോദ്യോത്തര പയറ്റ്, മീഡിയയുടെ സ്വാധീനം, ഷോര്‍ട്ട് ഫിലിം, ഗ്ലാസ് പെയിന്റിംഗ്, പുഷ്പ നിര്‍മ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച് നടന്ന വിനോദ യാത്രകള്‍ പ്രകൃതിയേയും അതിന്റെ സൃഷ്ടാവിന്റെ കലാവൈവിധ്യങ്ങളെയും കൂടുതല്‍ അടുത്തറിയാന്‍ വിദ്യാര്‍ഥിനികളെ സഹായിച്ചു.

കേരളത്തില്‍ 16 സെന്ററുകളിലായി നടന്ന പ്രോട്ടീന്‍ '14 അഡ്വ. അനില ജോര്‍ജ്, ഡോ. സുലൈമാന്‍, അഡ്വ. പ്രതിഭ ഹരി, ശൈഖ് മുഹമ്മദ് കാരകുന്ന്, ഡോക്യുമെന്ററി സംവിധായകന്‍ ബാബു കാമ്പറത്ത്, കെ.കെ. ഫാത്തിമ സുഹ്‌റ, വനിതാ സെല്‍ എസ്.ഐ. അനില, ജേര്‍ണലിസ്റ്റ് സാജിദ ഹാരിസ്, ഖാലിദ് മൂസ നദ്‌വി, വി. മൂസ മൗലവി, അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, പി. റുക്‌സാന, ടി.കെ സൈദ് മുഹമ്മദ്, സീനത്ത് നിസാം തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പില്‍ പലദിവസങ്ങളിലായി ജമാഅത്തെ ഇസ്‌ലാമി ഭാരവാഹികളുടെയും പരിസ്ഥിതി പ്രവര്‍ത്തകര്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍, പ്രാസംഗികള്‍, പോലീസ് ഓഫീസര്‍മാര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍, കര്‍ഷകര്‍, കൗണ്‍സിലര്‍മാര്‍, അഡ്വക്കേറ്റ്മാര്‍ തുടങ്ങിയവരുടെ സാന്നിധ്യവുമുണ്ടായി.

മുഴുവന്‍ ക്യാമ്പുകളിലുമായി 1517 വിദ്യാര്‍ഥിനികളുടെ സാന്നിധ്യം പ്രോട്ടീന്‍ '14 ന് പ്രൗഢിയേകി. തികച്ചും പുതുമയാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചും ഇസ്‌ലാമിക പാഠങ്ങളുടെ പിന്‍ബലത്തില്‍ നേര്‍ജീവിതത്തിലേക്ക് നയിച്ചും ഇസ്‌ലാമിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് സേവനം നല്‍കാന്‍ ക്യാമ്പ് അംഗങ്ങളെ പ്രാപ്തരാക്കാനുമുള്ള ശ്രമമായിരുന്നു ജി.ഐ.ഒ വിന്റെത്. വിദ്യാര്‍ഥിനികളുടെ കഴിവുകളും ചിന്തകളും അറിവുകളും സര്‍ഗവാസനകളും കൊണ്ട് ക്യാമ്പുകള്‍ സജീവമായിരുന്നു. വ്യത്യസ്തമായ കലാകായിക മത്സരങ്ങള്‍ പ്രോട്ടീന്‍ '14 ന്റെ മാറ്റുകൂട്ടി. കസേരകളി, കൊളാഷ് മത്സരം, പത്ര നിര്‍മ്മാണ മത്സരം, ഓട്ടമത്സരം, ടാബ്‌ളോ, ഒപ്പന, ഗ്രൂപ്പ് സോങ്, സ്റ്റോറി ടെല്ലിംഗ്, സ്‌ട്രോ ആന്റ് ബാങ്കിള്‍ റൈസ്, ബലൂണ്‍ പൊട്ടിക്കല്‍, ലെറ്റ് മെയ്ക് പാലസ്, ക്യാന്റില്‍ ലൈറ്റിംഗ്............... തുടങ്ങിയ മത്സരങ്ങള്‍ ചില ക്യാമ്പ് അംഗങ്ങള്‍ക്ക് ജീവിതത്തിലെ ആദ്യനുഭവമായി. സമാപന വേളയില്‍ ബെസ്റ്റ് ക്യാമ്പര്‍, ബെസ്റ്റ് സോഷ്യല്‍ ക്യാമ്പര്‍, ബെസ്റ്റ് ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് പെര്‍ഫോമര്‍, ബെസ്റ്റ് ഗ്രൂപ്പ്, ബെസ്റ്റ് പേള്‍, ബെസ്റ്റ് ക്യൂന്‍ തുടങ്ങിയവക്ക് പ്രത്യേക ഉപഹാരം നല്‍കി. പേര് പോലെ തന്നെ (pro- advantage of something) വരും കാലത്തേക്കുള്ള ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ഇളംതലമുറകള്‍ക്ക് ഭാവിയിലേക്കുള്ള കരുതിവെപ്പായി തീര്‍ന്നു ജി.ഐ.ഒ ടീന്‍സ് മീറ്റുകള്‍.

Photo Gallery